കൊച്ചി: ആഭരണ പ്രേമികളെ ആശങ്കപ്പെടുത്തി സംസ്ഥാനത്ത് സ്വർണവില ഇന്നലെ പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 3,350 രൂപയിലും 200
ഉയർന്ന് 26,800 രൂപയിലും ആയിരുന്നു ഇന്നലെ വ്യാപാരം. ആഗസ്‌റ്റ് അഞ്ചിന് കുറിച്ച റെക്കാഡാണ് (ഗ്രാമിന് 3,325 രൂപ; പവന് 26,600 രൂപ) പഴങ്കഥയായത്.
വില കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് വില്‌പന മന്ദഗതിയിലാണ്. പ്രതിദിന വില്‌പന 50 ശതമാനം വരെ കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു. ഈമാസം ഇതുവരെ പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയുമാണ് കൂടിയത്. രണ്ടുദിവിസത്തിനിടെ മാത്രം ഗ്രാമിന് 75 രൂപയും പവന് 600 രൂപയും ഉയർന്നു. 2019ൽ ഇതുവരെ 3,360 രൂപയുടെ കുതിപ്പ് പവൻവില നടത്തി. ഗ്രാമിന് 420 രൂപയും വർദ്ധിച്ചു.
മുന്നേറ്റത്തിന്
പിന്നിൽ
അമേരിക്ക-ചൈന വ്യാപാരയുദ്ധം, പശ്‌ചിമേഷ്യയിലെ സംഘർഷാവസ്ഥ എന്നിവമൂലം ആഗോള നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പിൻവലിയുന്നു
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വൻ ഡിമാൻഡ്
ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവേറി
$1,467
ഡിമാൻഡ് കൂടിയതോടെ, അന്താരാഷ്‌ട്ര സ്വർണവില ഔൺസിന് ആറുവർഷത്തെ ഉയരമായ 1,467 ഡോളറിലെത്തി. ഇതാണ്, ഇന്ത്യയിലും പ്രതിഫലിക്കുന്നത്.
₹1,120
ഈമാസം ഇതുവരെ പവൻ വിലയിലുണ്ടായ വർദ്ധന 1,120 രൂപയാണ്. ഗ്രാമിന് കൂടിയത് 140 രൂപ.
വിപണി വില
ഇന്നലെ പവൻ വില 26,800 രൂപ. എന്നാൽ, നികുതിയും പണിക്കൂലിയും ചേരുമ്പോൾ ഒരുപവൻ വാങ്ങാൻ കുറഞ്ഞത് 28,000 രൂപയെങ്കിലും നൽകേണ്ടി വരും.
വില എങ്ങോട്ട്?
നിലവിലെ ട്രെൻഡ് തുടരുമെന്നും ഈവാരം തന്നെ പവൻ വില 27,000 രൂപ കടക്കുമെന്നുമാണ് വിപണിയുടെ വിലയിരുത്തൽ.