ന്യൂഡൽഹി: ലോക്സഭയിൽ ജമ്മു കാശ്മീർ, പ്രമേയം ബിൽ ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവിനെ ഉത്തരംമുട്ടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് കക്ഷിനേതാവ് അധീർ രജ്ഞൻ ചൗധരിയാണ് അമിത് ഷായുടെ ചോദ്യത്തിന് മുന്നിൽ തപ്പിത്തടഞ്ഞത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
1948 മുതൽ യു.എൻ നിരീക്ഷണത്തിലുള്ള വിഷയമാണ് ജമ്മു കാശ്‌മീരെന്നും അതിലെടുക്കുന്ന തിരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്നും പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് എന്താണ് പരാമർശിക്കാത്തതെന്നും ചൗധരി ചോദിച്ചു. എന്നാൽ കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ പറയുന്നതെന്നും യു.എൻ ഇടപെടലാണോ കോൺഗ്രസിന്റെ ആവശ്യമെന്നും അമിത് ഷാ ചോദിച്ചു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കാശ്മീർ എന്നുപറയുമ്പോൾ അതിൽ പാക് അധിനിവേശ കാശ്മീരും ഉൾപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ഇതോടെ ചൗധരി വെട്ടിലാകുകയായിരുന്നു.
അതേസമയം, അമിത് ഷായുടെ മുന്നിൽ ഉത്തരം മുട്ടിയ രജ്ഞൻ ചൗധരിയോട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അതൃപ്തി അറിയിച്ചു. എന്നാൽ തന്റെ പ്രസ്താവനയെ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്ന് ചൗധരി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.