boat

ആലപ്പുഴ എന്ന് കേട്ടാൽ തന്നെ ആദ്യം മനസിൽ ഓടി വരുന്നത് ഹൗസ് ബോട്ടുകളാൽ സമ്പുഷ്‌ടമായ വേമ്പനാട്ടു കായലും, ഒരു കാലത്ത് കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കുട്ടനാടുമൊക്കെയാണ്. യാത്രാ പ്രേമികൾക്ക് എന്നും ഹരം തന്നെയാണ് അലപ്പുഴ യാത്രകൾ. ടൂറിസത്തിന്റെ അനന്ത സാധ്യതകൾ നിലനിൽക്കുമ്പോഴും സഞ്ചാരികളുടെ പോക്കറ്റ് കാലിയാക്കുന്ന സ്വകാര്യ ഹൗസ് ബോട്ടിംഗ് സർവ്വീസുകളുടെ മത്സരം ആലപ്പുഴയിലെ ദൈനംദിന കാഴ്‌ചകളിലൊന്നാണ്.

മണിക്കൂർ നിരക്കിൽ പണം കൊയ്യുന്ന ഹൗസ് ബോട്ട് ലോബികൾ ഇന്ന് അലപ്പുഴയിൽ സജീവമാണ്. അവിടെയാണ് തുച്ഛമായ നിരക്കിൽ കേരള ജലഗതാഗത വകുപ്പിന്റെ 'സീ കുട്ടനാട്' ബോട്ട് സർവീസ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 100 രൂപ ചിലവാക്കിയാൽ മൂന്ന് മണിക്കൂർ നീളുന്ന ആലപ്പുഴ- കുട്ടനാട് യാത്ര നിങ്ങൾക്കാസ്വദിക്കാം. ആലപ്പുഴ ബോട്ട് ‌ജെട്ടിയിൽ നിന്നും ദിവസേന അഞ്ച് സർവീസുകളാണ് സീ കുട്ടനാടിനുള്ളത്. പുലർച്ചെ 5.45, 8.20, 10.45, 1.35, 4.45 എന്നീ സമയങ്ങളിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. അഴീക്കൽ തോട് വഴി ആരംഭിച്ച് പുന്നമട, വേമ്പനാട്ട് എന്നീ കായലുകളിലൂടെ കൈനകിരി റോഡ് മുക്കിലെത്തി മടങ്ങുന്ന വിധമാണ് സീ കുട്ടനാടിന്റെ യാത്ര.

കൂടാതെ വിശുദ്ധ ചാവറ കുര്യാക്കോസ് അച്ഛന്റെ കൈനകിരിയിലെ ജന്മഗൃഹവും യാത്രാ മധ്യേയുള്ള കുളിർമ പകരുന്ന കാഴ്‌ചയാണ്. താഴെ മുപ്പത് രൂപയും അപ്പർ ഡക്കിൽ 80 രൂപയുമാണ് ഈ യാത്രക്കായുള്ള ഒരാളുടെ ആകെ ചിലവ്. ബോട്ടിൽ നിന്ന് തന്നെ ടിക്കറ്റ് എടുത്താൽ മതിയാകും. യാത്രക്കാർക്ക് സുരക്ഷ ഒരുക്കി ലൈഫ് ജാക്കറ്റും ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇനി കുട്ടനാട് വരെ വന്നതല്ലേ നല്ല കരമീനും ശുദ്ധമായ തെങ്ങിൻ കള്ളും കുടിക്കണമെന്ന് തോന്നിയാലോ? അതിനും വഴിയുണ്ട്. കൈനകരി ചെറുകായൽ ബോട്ടുജെട്ടിയിൽ ഇറങ്ങി നേരെ ശ്രുതിലയ റെസ്‌റ്റോറന്റിലേക്ക് വച്ചു പിടിച്ചോളു.

പറയുന്ന വണ്ണത്തിലും തൂക്കത്തിലുമുള്ള നല്ല 'പൊളപ്പൻ' കരിമീനിനെ ഫ്രൈ ആക്കി മുന്നിലെത്തിക്കാൻ ബൈജു ചേട്ടനും സംഘവും തയ്യാറായി നിൽപ്പുണ്ടാകും അവിടെ. ശ്രുതിലയയിലെ കപ്പ- മീൻകറി കോമ്പിനേഷൻ നൽകുന്ന സ്വാദും അവാച്യമാണ്. സ്വാദ് കൂടുമ്പോൾ പോക്കറ്റ് കീറുമോ എന്ന പേടിയൊന്നും വേണ്ട മിതമായ നിരക്ക് മാത്രമെ കസ്‌റ്റമറിൽ നിന്നും ഈടാക്കുകയുള്ളു. ആകെ കൂടി അധികം ആഡംബരം ഒന്നും വേണ്ടെന്നുണ്ടെങ്കിൽ സീ കുട്ടനാട് യാത്ര നിങ്ങൾക്ക് സമ്മാനിക്കുക നല്ല ഓർമ്മകൾ മാത്രമായിരിക്കുമെന്നതിൽ സംശയമില്ല.