തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.കേസിൽ നിരവധി തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും പ്രതിക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
അതേസമയം, ശ്രീറാം മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചുവെന്ന് തെളിയിക്കാൻ എന്ത് രേഖകളാണ് പ്രോസിക്യൂഷന്റെ കൈയിലുള്ളതെന്നും അദ്ദേഹം മദ്യപിച്ചുവെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ചോദിച്ചു. ഇതിന് സാക്ഷിമൊഴികളുണ്ടെന്നാണ് പ്രോസിക്യൂഷൻ മറുപടി നൽകിയത്. എന്നാൽ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം മദ്യപിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ലെന്നും വൈദ്യപരിശോധനാ റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കണമെന്നും കോടതി നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ കേരളത്തിലെ പൊലീസ് സംവിധാനം മുഴുവനും സഹായിച്ചെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി.നാരായണൻ പറഞ്ഞു. ഏത് വലിയവനായാലും നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ആഗ്രഹം നടന്നില്ലെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.