ന്യൂഡൽഹി: നാഷണൽ കോൺഫറൻസ് നേതാവും മുൻ കാശ്‌മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുള്ളയെ വീട്ടുതടങ്കലിൽ ഇട്ടിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദം പൊളിയുന്നു. താൻ ദിവസങ്ങളായി വീട്ടുതടങ്കലിലായിരുന്നുവെന്ന് ഫാറൂഖ് അബ്‌ദുള്ള തന്നെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇക്കാര്യത്തിൽ പാർലമെന്റിൽ നുണ പറഞ്ഞ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കത്തോട് വിഷമം തോന്നുന്നുവെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കാശ്‌മീർ വിഭജന പ്രമേയം ഇന്ന് ലോക്‌സഭയിൽ പരിഗണിക്കുമ്പോൾ സഭയിലെ അംഗമായ ഫാറൂഖ് അബ്‌ദുള്ളയുടെ അഭാവം ഡി.എം.കെയിലെ ദയാനിധി മാരനാണ് ചൂണ്ടിക്കാണിച്ചത്. കാശ്‌മീരിനെ സംബന്ധിച്ച നിർണായക വിഷയം പരിഗണിക്കുമ്പോൾ ശ്രീനഗറിൽ നിന്നുള്ള ലോക്‌സഭാംഗത്തെ സർക്കാർ തടവിൽ ഇട്ടിരിക്കുകയാണെന്ന് മാരൻ ആരോപിച്ചു. ഇതിന് മറുപടിയായാണ് ഫാറൂഖ് അബ്‌ദുള്ള തടവിലല്ലെന്ന് അമിത് ഷാ സഭയിൽ വ്യക്തമാക്കിയത്. അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുകയോ തടഞ്ഞുവയ്‌ക്കുകയോ ചെയ്‌തിട്ടില്ല.അദ്ദേഹം സ്വന്തം ഇഷ്‌ടപ്രകാരം വീട്ടിൽ കഴിയുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത് ഏറെ വിവാദമായിരുന്നു. ഇവരെ വീടുകളിൽ നിന്ന് സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. കേന്ദ്ര തീരുമാനത്തെ എതിർത്ത് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടിരുന്നു. ജമ്മു കാശ്മീർ പീപ്പിൾ കോൺഫറൻസ് നേതാക്കളായ സജ്ജാദ്ദ് ലോൺ, ഇമ്രാൻ അൻസാരി എന്നിവരും അറസ്റ്റിലായി. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം.