car-accident

തിരുവനന്തപുരം: അമിത വേഗതയിൽ വാഹനമോടിച്ച് മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ മുൻ സർ‌വേ ഡയറക്‌ടർ ശ്രീറാം വെങ്കിട്ടരാമനെ ഒരു ദിവസം പോലും ജയിലിൽ കിടത്തില്ലെന്ന ഐ.എ.എസ് ലോബിയുടെ തന്ത്രം പൊലീസ് കൃത്യമായി നടപ്പിലാക്കി. തെറ്റുചെയ്‌തവർ എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും സർക്കാരിനെ നോക്കുകുത്തിയാക്കിയാണ് കേരള പൊലീസ് ആദ്യം മുതൽ തന്നെ കരുക്കൾ നീക്കിയത്. അപകടമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശാനുസരണം വീട്ടിലേക്ക് പറഞ്ഞുവിട്ടും, ശ്രീറാമിന്റെ രക്തം പരിശോധിക്കാതെ സ്വകാര്യ ആശുപത്രിയിൽ സുഖചികിത്സ അനുവദിച്ചതും ഒടുവിൽ കോടതിയുടെ മുന്നിൽ ശാസ്ത്രീയ തെളിവുകളൊന്നും നിരത്താതെ ഒത്തുകളിച്ചും പൊലീസ് ഏറാൻമൂളികളായി. ശ്രീറാം മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് തെളിയിക്കാൻ സാക്ഷിമൊഴികൾ മാത്രം ഹാജരാക്കിയ പ്രോസിക്യൂഷൻ കോടതിയെ പോലും കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന് വേണം കരുതാൻ.


കേസിൽ പൊലീസിന്റെ ഒത്തുകളി ഇങ്ങനെ
അപകമുണ്ടാക്കിയ വാഹനം ഓടിച്ചത് തനിക്കൊപ്പമുണ്ടായിരുന്ന വഫയെന്ന യുവതിയാണെന്ന ശ്രീറാമിന്റെ വാക്കുകൾ വിശ്വസിക്കാനാണ് പൊലീസ് ആദ്യം താൽപ്പര്യം കാട്ടിയത്

ശ്രീറാം മദ്യലഹരിയിലാണെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കിയ പൊലീസ് ഇയാളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചെങ്കിലും രക്ത സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താൻ തയ്യാറായില്ല

 രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് ശേഖരിക്കാൻ ശ്രീറാമിന്റെ അനുമതി ലഭിച്ചില്ലെന്ന സാങ്കേതിക കാരണമാണ് പൊലീസ് വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ മാദ്ധ്യമ പ്രവർത്തകർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് കാര്യങ്ങൾ ബോധിപ്പിച്ചശേഷമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീറാമിന്റെ രക്ത സാമ്പിൾ ശേഖരിക്കാനുളള ശ്രമങ്ങൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്, അതും സംഭവമുണ്ടായി ഒമ്പത് മണിക്കൂറുകൾക്ക് ശേഷം.

 കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കാറോടിച്ചതാരെന്ന് രേഖപ്പെടുത്തിയിട്ടില്ല. കാറിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും മദ്യലഹരിയുമാണ് അപകടത്തിനിടയാക്കിയതെങ്കിലും മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. പിന്നീട് ഡി.ജി.പി.യുടെ നിർദ്ദേശാനുസരണം നരഹത്യയ്‌ക്ക് കേസെടുത്തെങ്കിലും വാഹനം ഓടിച്ചയാളുടെ പേര് എഫ്.ഐ.ആറിൽ ഉണ്ടായിരുന്നില്ല.

കാറോടിച്ചത് ശ്രീറാമാണെന്ന് ദൃക് സാക്ഷി മൊഴികളിൽ നിന്ന് പൊലീസിന് വ്യക്തമായിട്ടുണ്ടെങ്കിലും ഐ.എ.എസ് ഓഫീസറായതിനാൽ ശാസ്ത്രീയ പരിശോധനയ്‌ക്കോ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന തെളിവുകൾക്കോ ശേഷം ഇത് സ്ഥിരീകരിച്ചാൽ മതിയെന്നാണ് പൊലീസിന്റെ നിലപാട്.

ശ്രീറാമിന്റെ ശരീരത്തിൽ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നതായി മ്യൂസിയം പൊലീസിന്റെ കേസ് ഷീറ്റിലും ജനറൽ ആശുപത്രിയിലെ ഡോക്‌ടറുടെ കുറിപ്പടിയിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ഇതൊന്നുമില്ല.

എഫ്.ഐ.ആറിലേത് പോലെ ശ്രീറാമിന് രക്ഷപ്പെടാൻ നിരവധി പഴുതുകൾ ഉള്ള റിമാൻഡ‌് റിപ്പോർട്ടാണ് മ്യൂസിയം പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

ശ്രീറാം മദ്യപിച്ചുവെന്ന് ഒരു കാരണവശാലും തെളിയിക്കരുതെന്ന വാശിയിലായിരുന്നു പൊലീസെന്ന് വേണം കരുതാൻ. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹാജരാക്കിയത് സാക്ഷിമൊഴികൾ മാത്രം. ശാസ്ത്രീയ തെളിവുകൾ എവിടെയെന്ന് കോടതിയ്‌ക്ക് ചോദിക്കേണ്ടി വന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലും പ്രതിക്ക് ജാമ്യം നൽകാമെന്ന് വ്യവസ്ഥയുള്ളപ്പോൾ കുറ്റം തെളിയിക്കാതിരിക്കാൻ പൊലീസ് നടത്തിയത് ആസൂത്രിത ശ്രമം.

ഗുരുതരമായ കുറ്റകൃത്യം കണ്ടാൽ നേരിട്ട് കേസെടുക്കാമെന്ന വ്യവസ്ഥയുള്ളപ്പോൾ സ്‌റ്റേഷനിൽ നിന്ന് നൂറുമീറ്റർ മാത്രം അകലെ സംഭവിച്ച അപകടത്തിൽ പൊലീസ് കേസെടുത്തത് സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്.

car-accident

ഉമ്മൻചാണ്ടി പൊലീസും നിഷാമും

തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരാനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ വ്യവസായിയായ മുഹമ്മദ് നിഷാമിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതും കൃത്യമായ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ശിക്ഷ വാങ്ങി നൽകിയതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. 2015 ജനുവരി 29ന് പുലർച്ചെയാണ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം ആഡംബര കാർ കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചത്. അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ഉച്ചയ്ക്ക് ചന്ദ്രബോസ് മരിച്ചു. മൂന്ന് കമ്മിഷണർമാർ മേൽനോട്ടം വഹിച്ച്, പേരാമംഗലം സി.ഐ പി.സി. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച കേസിൽ 79 ദിവസത്തെ വിചാരണയ്ക്കൊടുവിൽ 2016 ജനുവരി 12നാണ് വാദം പൂർത്തിയായത്. അതേ മാസം തന്നെ നിഷാമിന് ജീവപര്യന്തം കഠിനതടവും 80 ലക്ഷം പിഴയും വിധിച്ചു. വൻ വ്യവസായിയും രാഷ്ട്രീയ ബന്ധങ്ങളുമുണ്ടെങ്കിലും നിഷാമിന് വേണ്ടി കൃത്യമായി വലവിരിക്കാൻ ഉമ്മൻചാണ്ടിയുടെ കീഴിലുള്ള കേരള പൊലീസിന് കഴിഞ്ഞു. ഇന്ന് കുറ്റവാളികൾ രക്ഷപ്പെടരുതെന്ന് ആവർത്തിച്ചിട്ടും പൊലീസ് തോന്നിയത് പോലെ പ്രവർത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുസർക്കാരിനെയും രാഷ്ട്രീയമായി വേട്ടയാടുമെന്ന് ഉറപ്പാണ്. ഭരണകക്ഷിയിലെ എം.എൽ.എമാരെപ്പോലും വെറുതെ വിടാത്ത പൊലീസ് എന്ത് സന്ദേശമാണ് ജനത്തിന് നൽകുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല.