കേന്ദ്രവും സംസ്ഥാനങ്ങളും കൈകോർത്ത് നീങ്ങിയാലേ ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വികസനം ആർജിക്കാനാവൂ എന്നതിൽ ആർക്കെങ്കിലും ഭിന്നതയുണ്ടാവുമെന്ന് തോന്നുന്നില്ല. 'സബ്കെ സാഥ് സബ്കെ വികാസ് " എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദിയാണ് നമ്മുടെ പ്രധാനമന്ത്രി; ഇതിലേറെ നല്ലൊരു അവസരം കേരളത്തിന് പ്രതീക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല. കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികളിൽ ഏറെയും നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളിലൂടെയാണ്, അതുകൊണ്ട് കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സൗഹൃദപരമായാൽ മാത്രം പോരാ, പ്രയോഗികവുമാവണം.
ദശാബ്ദങ്ങളായി കേന്ദ്രവിരുദ്ധ സമരത്തിന്റെ വിളനിലമാണ് കേരളം. എന്തായാലും കേന്ദ്രവുമായി നല്ല ബന്ധം പുലർത്തണമെന്ന്, വൈകിയ വേളയിലാണെങ്കിൽ പോലും, പിണറായി വിജയൻ സർക്കാരിന് തോന്നിയത് നല്ലതാണ്. സൂചിപ്പിച്ചത് മുൻ ലോക്സഭാംഗം എ. സമ്പത്തിനെ ഡൽഹിയിൽ പ്രത്യേക അധികാരത്തോടെ നിയമിക്കാനുള്ള തീരുമാനത്തെക്കുറിച്ചാണ്. രാഷ്ട്രീയത്തിന് അതീതമായി, എന്നാൽ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ അംഗീകരിച്ചുകൊണ്ട് തന്നെ, നീങ്ങാൻ കേരളത്തിന് കഴിയണം.സി.പി.എം ഏതൊക്കെ കാലത്ത് കേരളത്തിൽ അധികാരത്തിലുണ്ടായിട്ടുണ്ടോ അന്നൊക്കെ കേന്ദ്രവിരുദ്ധ മനോഭാവമാണ് പുലർത്തിയിരുന്നത്. 'ഭരണവും സമരവും" എന്നത് അവരുടെ ഒരു പദ്ധതിയാണ്. അതിന്റെ ഉപജ്ഞാതാവ് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. എന്നാൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ എന്നെങ്കിലും കേരളത്തിലെ ഏതെങ്കിലും സർക്കാരിനെ, പ്രത്യേകിച്ചും ഇടത് സർക്കാരിനെ വിലകുറച്ചു കണ്ടിട്ടുണ്ടോ?. സി.പി.എം നേതാക്കളോട് അവരിലാരെങ്കിലും എന്നെങ്കിലും രാഷ്ട്രീയ വിരോധത്തോടെ, മോശമായി, പെരുമാറിയിട്ടുണ്ടോ?
വാജ്പേയി ആറ് വർഷത്തിലേറെ പ്രധാനമന്ത്രിയായിരുന്നു. നരേന്ദ്രമോദി അധികാരത്തിലേറുന്നത് രണ്ടാം തവണയാണ്. ഇക്കാലത്ത് എന്നെങ്കിലും കേരളത്തിന് അർഹതപ്പെട്ടത് കിട്ടിയില്ല എന്ന് പറയാനാവുമോ? കോൺഗ്രസ് സർക്കാരുകൾ അല്ലെങ്കിൽ കോൺഗ്രസിന്റെ കൂട്ടുകെട്ട് മന്ത്രിസഭകൾ പാലിച്ചതിലും ഭാവാത്മകമായ സമീപനമാണ് ബി.ജെ.പി സർക്കാരുകളിൽ നിന്നുണ്ടായിട്ടുള്ളത് . എന്നാൽ നടക്കാത്ത കാര്യങ്ങൾ വേണമെന്ന് പറഞ്ഞാൽ സാധിക്കണമെന്നില്ലല്ലോ. സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ നിലപാടുകളിലെ, ഭിന്നത യാഥാർത്ഥ്യമാണ് . അത് അംഗീകരിക്കാതെ പറ്റില്ലല്ലോ.ബി.ജെ.പി കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നേടിയ വിജയം എതിരാളികൾ പോലും സമ്മതിക്കുന്നു. പ്രതിപക്ഷം ഏതാണ്ടൊക്കെ തളർന്ന മട്ടിലാണ്. ഇതിടയിലാണ് എ .സമ്പത്തിനെ പിണറായി സർക്കാർ ഡൽഹിയിലേക്ക് അയയ്ക്കുന്നത്. മുതിർന്ന സി.പി.എം നേതാവാണ് അദ്ദേഹം. എം.പി എന്ന നിലയ്ക്ക് ഡൽഹിയിൽ ഏറെനാൾ ഉണ്ടായിരുന്നയാളാണ്. പല സി.പി.എം നേതാക്കളേക്കാൾ സൗമ്യനും ശാന്തശീലനുമാണ്. കേരളത്തിന്റെ സാമ്പത്തികനില മോശമായതിനാൽ ഇത്തരം നിയമനങ്ങൾ വേണോ എന്ന് ചോദ്യമുണ്ടാവാം. എന്നാൽ കേരളത്തിന് മുന്നേറണമെങ്കിൽ ഇതൊക്കെ ആവശ്യമാണ്.
ആദ്യം സൂചിപ്പിച്ചത് പോലെ കേന്ദ്രവും കേരളവും ഒന്നിച്ചുനീങ്ങണം. ഞാനോർക്കുന്നു, എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ, വാജ്പേയി സർക്കാരിന്റെ കാലത്ത്, അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാൽ ഇക്കാര്യം മുന്നോട്ട് വച്ചിരുന്നു. ഒരു മന്ത്രിയെത്തന്നെ ചുമതല ഏൽപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ആന്റണി അത് തത്വത്തിൽ അംഗീകരിച്ചതുമാണ്. ഒരു മുഖ്യമന്ത്രിയോ മന്ത്രിയോ രണ്ടുനാൾ ഡൽഹിയിൽ തങ്ങിയാൽ ഏറിയാൽ കാണാനാവുന്നത് നാലോ അഞ്ചോ കേന്ദ്രമന്ത്രിമാരെ. ഇനി മന്ത്രിതലത്തിൽ കാര്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ തന്നെ ഉദ്യോഗസ്ഥ മേധാവിമാർ കനിയണ്ടേ; അവിടെയും സമ്മർദ്ദങ്ങൾ ആവശ്യമാണ്. ഇതൊക്കെ പരിഗണിക്കുമ്പോൾ പ്രത്യേക പ്രതിനിധി ഉണ്ടാവുന്നത് പ്രയോജന പ്രദമാണ്. നിയോഗിക്കപ്പെടുന്നയാൾ ആ ജോലി കൃത്യമായി ചെയ്താൽ സംസ്ഥാന വികസനത്തിന് ഗുണകരമാവും.