ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിലൂടെ ചരിത്രപരമായ നീക്കമാണ് രണ്ടാം മോദി സർക്കാർ ഇന്നലെ നടത്തിയത്. ആറ് ദശാബ്ദങ്ങളായി നിലനിൽക്കുന്ന കേന്ദ്ര നയം വേണ്ടെന്നു വച്ചുകൊണ്ട് മോദി സർക്കാർ ചരിത്രപരമായ നീക്കം നടത്തിയതിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് കാശ്മീരിലെ പ്ലോട്ടുകളെ കുറിച്ചാണ്. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതലായിട്ട് ഇതിനെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞത്. കൂടാതെ കാശ്മീരിലെ ഭൂമിയുടെ വിലവിവരം സംബന്ധിച്ചും ഗൂഗിളിൽ തിരയുന്നവരുടെ എണ്ണത്തിലും കുറവില്ല.
35 എ വകുപ്പ് പ്രകാരം കശ്മീരിൽ സ്ഥിരതാമസക്കാർ അല്ലാത്തവർക്ക് സംസ്ഥാനത്ത് ഭൂമി വാങ്ങാനാകുമായിരുന്നില്ല. ആ വകുപ്പ് എടുത്തുകളഞ്ഞതോടെ ഇനി കാശ്മീരിൽ സ്ഥിരതാമസക്കാർ അല്ലാത്തവർക്കും ഭൂമി വാങ്ങാം. അതായത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഭൂമി വാങ്ങാം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെ ആളുകൾ ഗൂഗിളിൽ തിരഞ്ഞതും ഇതുകൊണ്ടാണ്.
കഴിഞ്ഞ മണിക്കൂറുകളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് കാശ്മീരിനെ കുറിച്ചാണെന്ന് ദേശീയ മാദ്ധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അമിത് ഷായുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കാശ്മീരിൽ സ്ഥലം വിൽപ്പനയ്ക്കുണ്ടെന്ന രീതിയിൽ നിരവധി സന്ദേശങ്ങൾ സോഷ്യൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വ്യാജമാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.