കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ രണ്ടു വർഷത്തെ വാർഷിക സാമ്പത്തിക കണക്കുകൾ നാലു മാസത്തിനുള്ളിൽ ആഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 2016 - 2017 വർഷത്തെ കണക്കുകൾ രണ്ടു മാസത്തിനകവും 2017 - 2018 വർഷത്തെ കണക്കുകൾ തുടർന്നുള്ള രണ്ടു മാസങ്ങൾക്കുള്ളിലും നൽകാനാണ് നിർദ്ദേശം. വാർഷിക കണക്കുകളുടെ സ്റ്റേറ്റ്മെന്റ് നൽകാൻ ആഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ കഴിഞ്ഞ മാർച്ച് 12 ന് ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കത്തു നൽകിയെങ്കിലും മറുപടിയുണ്ടായില്ല. വീണ്ടും കത്തു നൽകിയെങ്കിലും കണക്കുകൾ നൽകിയില്ല. തുടർന്ന് ജോയിന്റ് ഡയറക്ടർ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. 2016 - 2017 വർഷത്തെ കണക്കുകൾ നൽകാൻ നാലുമാസത്തെ സമയം വേണമെന്നും 2017 - 2018 വർഷത്തെ കണക്കു സമർപ്പിക്കാൻ ആറുമാസം കൂടി വേണമെന്നും ദേവസ്വം ബോർഡ് മറുപടി നൽകി. കണക്കുകൾ ശരിയായി സൂക്ഷിക്കുന്നെങ്കിൽ ആഡിറ്റിന് നൽകാൻ ഇത്രയും സമയമെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അതിനെക്കുറിച്ച് ദേവസ്വം ബോർഡ് വിശദീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.