കൊച്ചി: പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ ബാങ്ക് വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെ.സി.സി.ഐ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി ബാങ്ക് അധികൃതരുടെ യോഗം വിളിക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്ന് ചെയർമാൻ ഡോ. ബിജു രമേശ് പറഞ്ഞു.
മെട്രോ തൂണുകൾക്ക് താഴെ വേലി കെട്ടി പാർക്കിംഗ് സൗകര്യം നിഷേധിക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചു. ചില വൻകിട മുതലാളിമാരെ സഹായിക്കാനാണ് കെ.എം.ആർ. എൽ ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ ആരോപിച്ചു.കെ.സി.സി.ഐയുടെ ഉടമസ്ഥതയിലുള്ള കേരള ട്രേഡ് സെന്റർ (കെ.ടി.സി) സമുച്ചയം വിൽക്കാൻ ശ്രമിക്കുന്നുവെന്ന പ്രചരണം തെറ്റാണ്. ചേംബറിൽ നിന്നു പുറത്താക്കിയ മുൻ ചെയർമാൻ കെ.എൻ. മർസൂഖും കൂട്ടാളികളുമാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.
ട്രേഡ് സെന്റർ നിർമ്മാണത്തിൽ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സീരിയസ് ഫ്രോഡ്
ഇൻവെസ്റ്റിഗേഷനിൽ (എസ്.എഫ്.ഐ.ഒ) പരാതി നൽകിയിട്ടുണ്ടെന്നും ഡോ. ബിജു രമേശ് പറഞ്ഞു. ഭാരവാഹികളായ രാജാ സേതു, മീന തുടങ്ങിയവരുംവാർത്താസമ്മേളനത്തിൽ പങ്കെടുത്തു