കൊച്ചി: മത്തിയുടെ ലഭ്യത വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ പ്രജനനകാലത്ത് ഇവയെ പിടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മത്സ്യഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ. വിശദ പഠനത്തിനു ശേഷം കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ശുപാർശ സമർപ്പിക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ ഡയറക്ടർ ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
സി.എം.എഫ്.ആർ.ഐ സംഘടിപ്പിച്ച ചർച്ചയിലാണ് നിർദ്ദേശം.
പത്തു സെന്റീമീറ്റർ വരെ നീളമുള്ള മത്തി പിടിക്കാനാണ് അനുമതി. എന്നാൽ, ലഭ്യത കുറയുന്ന വർഷങ്ങളിൽ 15 സെന്റീമീറ്റർ വരെ വലിപ്പമുള്ളവയെ പിടിക്കുന്നത് നിയന്ത്രിക്കണം. മഴക്കാലമാണ് മത്തിയുടെ പ്രജനനകാലം. ഇക്കാലത്ത് ചെറിയ മത്തി പിടിക്കുന്നത് നിയന്ത്രിച്ചാൽ വർദ്ധനവ് എളുപ്പമാകും.
സമുദ്രത്തിന്റെ മേൽത്തട്ടിൽ ചൂട് കൂടുന്നതു മൂലമുള്ള എൽനിനോ പ്രതിഭാസവും പ്രജനനത്തിലെ താളപ്പിഴകളുമാണ് മത്തി കുറയാൻ പ്രധാന കാരണങ്ങൾ. 2017 ൽ 3.7 ടൺ മത്തി കിട്ടിയിരുന്നിടത്ത് മുൻ വർഷം കിട്ടിയത് 1.55 ടൺ മാത്രമാണെന്നും ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു.