1. മാദ്ധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നടപടി, കേസ് ഡയറിയും രക്ത പരിശോധനാ ഫലവും വിലയിരുത്തിയ ശേഷം. ശ്രീറാം മദ്യപിച്ചിട്ടുണ്ട് എന്ന എങ്ങനെ കണ്ടെത്തി എന്ന് ചോദിച്ച കോടതി, രക്ത പരിശോധനാ ഫലം ഹാജരാക്കണം എന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്വേഷണ സംഘം നല്‍കിയ തെളിവുകള്‍ പരിശോധിച്ച കോടതി ശ്രീറാമിന് ജാമ്യം അനുവദിക്കുക ആയിരുന്നു
2. തെളിവ് ശേഖരണത്തിന് ആയി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണം എന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ചികിത്സയില്‍ ആണ് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. അതിനിടെ, കേസില്‍ അട്ടിമറി വ്യക്തമാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. രക്തപരിശോധന അട്ടിമറിച്ചതിന് പിന്നാലെ വാഹനം ഓടിച്ചത് ശ്രീറാം തന്നെയെന്ന് സ്ഥിരീകരിക്കാനുള്ള ഫൊറന്‍സിക് തെളിവ് ശേഖരണവും വൈകിപ്പിക്കുന്നു. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യ ഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിതോടെ ഇത് അട്ടിമറി ശ്രമമെന്ന് വ്യക്തമായി.
3. കാറിന്റെ സ്റ്റീയറിംഗില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിരലടയാളം ശേഖരിച്ചു. ശ്രീറാമിന്റെ വിരലടയാളവും ശേഖരിച്ച് ഇത് രണ്ടും ഒന്നാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ വാഹനം ഓടിച്ചത് ശ്രീറാം ആണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനാവു. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസ് വിരലടയാളം എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കയ്യില്‍ പരുക്കും മറ്റൊരു കയ്യില്‍ ട്രിപ്പും ഇട്ടിരിക്കുക ആണെന്ന പേരില്‍ ഡോക്ടര്‍മാര്‍ തടഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയപ്പോഴും ഇതേ നിലപാടാണ് പൊലീസ് സ്വീകരിച്ചത്
4. യൂണിവേഴ്സിറ്റി കോളേജ് കുത്തു കേസിലെ മുഖ്യപ്രതിയായ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ഡിഗ്രി പരീക്ഷയിലും ക്രമക്കേട് നടത്തിയതായി സൂചന. ശിവരഞ്ജിത്തിന്റെ ബി.എസ്.സി കെമിസ്ട്രിയുടെ മാര്‍ക്ക് ലിസ്റ്റ് പുറത്ത്. ശിവരഞ്ജിത്ത് ആദ്യ നാല് സെമസ്റ്ററുകള്‍ പാസായത് നാലാം ശ്രമത്തില്‍. എന്നാല്‍ അവസാന രണ്ട് സെമസ്റ്ററുകളില്‍ 70 ശതമാനത്തില്‍ അധികം മാര്‍ക്കും ലഭിച്ചു. ആദ്യ സെമസ്റ്ററില്‍ ആറ് വിഷയങ്ങളില്‍ ആകെ ജയിച്ചത് ഒരു വിഷയത്തില്‍ മാത്രം. തുടര്‍ന്ന് രണ്ടാമത്തെ ശ്രമത്തില്‍ മൂന്ന് വിഷയത്തില്‍ ജയിച്ചു. നാലാം ശ്രമത്തിലാണ് എല്ലാ വിഷയങ്ങളിലും ജയിച്ചത്.അഞ്ചാം സെമസ്റ്ററില്‍ ഫിസിക്കല്‍ കെമിസ്ട്രിയില്‍ 80 മാര്‍ക്കും ഇനൊര്‍ഗാനിക് കെമിസ്ട്രി തേര്‍ഡ് പേപ്പറിന് 63 മാര്‍ക്കും എത്തിക്കല്‍ കെമിസ്ട്രിയില്‍ 81ും പ്രാക്ടിക്കലിന് 74 മാര്‍ക്കും ലഭിച്ചു.
5. ആറാം സെമസ്റ്ററില്‍ ഓര്‍ഗാനിക് കെമിസ്ട്രി രണ്ടാം പേപ്പറിനും, ഫിസിക്കല്‍ കെമിസ്ട്രി തേര്‍ഡ് പേപ്പറിനും 78 മാര്‍ക്കും, ഇന്റേണല്‍ അസസ്‌മെന്റിന് 80 മാര്‍ക്കും നേടി. യൂണിവേഴ്സിറ്റി ഉത്തര കടലാസ് മോഷണ കേസിലെ പ്രതിയാണ് ശിവരഞ്ജിത്ത്. കുത്തുകേസ് പ്രതികളായ നസീമിനേയും പ്രണവിനേയും ഉത്തര കടലാസ് ചോര്‍ച്ചയിലും പ്രതിചേര്‍ക്കും എന്നും വിവരം ഉണ്ട്. ശിവരഞ്ജിത്ത് ഉള്‍പ്പെടെ മൂന്ന് പേര്‍ പി.എസ്.സി പരീക്ഷയിലും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കി. മൂവരെയും സ്ഥിരിമായി പി.എസ്.സി പരീക്ഷയില്‍ നിന്ന് അയോഗ്യരാക്കാനും തീരുമാനം. പി.എസ്.സി വിജിലന്‍സിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനും ശുപാര്‍ശ.
6. റോഡ് സുരക്ഷ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വാഹന പരിശോധന ആരംഭിച്ചു. പൊലീസുള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആണ് ഈ മാസം 31 വരെ നീണ്ട് നില്‍ക്കുന്ന പരിശോധനാ യജ്ഞം. നടപടികള്‍ ആരംഭിച്ചതോടെ സീറ്റ് ബെല്‍റ്റും, ഹെല്‍മെറ്റും ധരിച്ചാണ് ബഹുഭൂരിപക്ഷം പേരും വാഹനവുമായി നിരത്തിലിറങ്ങിയത്. ഹെല്‍മെറ്റിന്റെയും സീറ്റ് െബല്‍റ്റിന്റെയും ഉപയോഗം നിര്‍ബന്ധം ആക്കുകയാണ് പരിശോധനയുടെ ആദ്യഘട്ടം
7. സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി വ്യവസായ മേഖലയിലെ ഏറ്റവും വലിയ മുന്നേറ്റമെന്ന് വ്യവസായ മന്ത്രി മന്ത്രി ഇ പി ജയരാജന്‍. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ പരമ്പരാഗത മേഖലയ്ക്ക് മികവിലേക്ക് ഉയരാനാകും എന്ന് ഈ പദ്ധതി തെളിയിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു.
8. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് 12ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച പ്രവൃത്തിദിനം ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 11 പ്രവൃത്തി ദിനമായിരിക്കും
9. കശ്മീരിനെ കീറിമുറിച്ചാല്‍ ഐക്യം ഉണ്ടാകില്ല എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജമ്മു കാശ്മീരിനെ കീറിമുറിച്ചത് കൊണ്ടും അവിടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്നത് കൊണ്ടും രാജ്യത്ത് ഐക്യം ഉണ്ടാകില്ല അത്, നമ്മുടെ ഭരണഘടനയുടെ തന്നെ ലംഘനമാണ്. തുണ്ട് ഭൂമികളല്ല, ജനങ്ങളാണ് ഈ രാജ്യം നിര്‍മ്മിച്ചത്. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം ദേശ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
10. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞത് മറ്റൊന്നാണ്. അവര്‍ തിരഞ്ഞത് കശ്മീരില്‍ ഭൂമി വില്‍പ്പനയ്ക്ക് ഉണ്ടോയെന്നാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാതോടെ, കശ്മീരില്‍ സ്ഥലങ്ങള്‍ വില്‍പ്പനയ്ക്ക് എന്ന വ്യാജ സന്ദേശം വാട്സ്ആപില്‍ പ്രചരിച്ചിരുന്നു. കശ്മീരിലെ ഭൂമി വില, കശ്മീരിലെ ഭൂമി ഇടപാടുകാര്‍, എന്നീ കാര്യങ്ങളാണ് ഗൂഗിളിനോട് അന്വേഷിക്കപ്പെട്ടത്.
11. പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നേരത്തെ സ്വാതന്ത്ര്യ ദിനത്തിന് പ്രദര്‍ശനത്തിന് എത്തിക്കാന്‍ തീരുമാനിച്ച ചിത്രം ആക്ഷന്‍ സീക്വന്‍സുകള്‍ കൂടുതല്‍ മികവുറ്റത് ആക്കുന്നതിനായി റിലീസ് നീട്ടി വെക്കുകയായിരുന്നു. ഓഗസ്റ്റ് 30ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്
|
|
|