pakistan

ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 ആർട്ടിക്കിൾ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയിലെ ഹെെക്കമ്മീഷണറെ പാകിസ്ഥാൻ തിരിച്ച് വിളിക്കുന്നതായി റിപ്പോർട്ട്. പാക് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ നടപടിയെ തുടർന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ മൊയിൻ ഉൾ ഹഖിനെ പാകിസ്ഥാൻ തിരിച്ചുവിളിച്ചേക്കുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാശ്മീർ വിഭജനത്തെ ബില്ലിനെ തുടർന്ന് പാകിസ്ഥാൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തർക്കബാധിതമെന്ന നിലയിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ പ്രദേശത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാവുന്നതല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മാത്രമല്ല കാശ്മീരിലെ ജനങ്ങൾക്ക് എല്ലാവിധ നയതന്ത്രസഹായങ്ങളും പാകിസ്ഥാൻ ഉറപ്പുനൽകുന്നുവെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇതേതുടർന്ന് പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയയെ പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി സൊഹൈൽ മെഹ്മൂദ് വിളിച്ച് വരുത്തിയിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ സുരക്ഷ കൂട്ടണമെന്ന് ഇന്ത്യയിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഹൈക്കമ്മീഷണർ ഇക്കാര്യം പാക് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.