ന്യൂഡൽഹി:ജമ്മു കാശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര നീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ചൈന, മേഖലയിലെ തൽസ്ഥിതി ഇല്ലാതാക്കുന്നതും സംഘർഷം രൂക്ഷമാക്കുന്നതുമായ ഏകപക്ഷീയമായ നടപടികൾ ഇന്ത്യ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും കാശ്‌മീരിലെ നിലവിലെ അവസ്ഥയെ കുറിച്ച് ആശങ്കയുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
അതേസമയം, ഇന്ത്യ, മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാറില്ലെന്നും തിരിച്ചും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ ചൈനയുടെ അഭിപ്രായത്തോട് പ്രതികരിച്ചു.
ലഡാക്കിന്റെ അതിർത്തിയിലാണ് ചൈനീസ് അധീനതയിലുള്ള കാശ്മീർ ഭൂഭാഗമായ അക്‌സായി ചിൻ പ്രദേശം. അതിനാലാണ് പ്രധാനമായും ചൈനയുടെ എതിർപ്പ്. ഇന്ത്യ ആഭ്യന്തര നിയമങ്ങൾ ഏക പക്ഷീയമായി പരിഷ്‌കരിച്ചതിലൂടെ ചൈനയുടെ ഭൂപ്രദേശത്തെ പരമാധികാരത്തിൽ കടന്നുകയറിയിരിക്കയാണ്. ഇത് ചൈനയ്‌ക്ക് അശേഷം സ്വീകാര്യമല്ലെന്നും വക്താവ് പറഞ്ഞു.
''കാശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ഈ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ രാജ്യാന്തര സമൂഹത്തിന്റെയും ശ്രദ്ധ നേടുന്ന വിഷയമാണ്. രണ്ട് കൂട്ടരും ശ്രദ്ധാപൂർവം വേണം നീങ്ങാൻ. നിലവിലെ അവസ്ഥ ഇല്ലാതാക്കി പ്രശ്നം രൂക്ഷമാക്കുന്ന ഏകപക്ഷീയമായ ഒരു നടപടിയും സ്വീകരിക്കരുത്. രണ്ട് കൂട്ടരും ചർച്ചയിലൂടെ സമാധാനത്തിലെത്തണം. മേഖലയിലെ സുരക്ഷ ഉറപ്പു വരുത്തണം. ഇന്ത്യ വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത പാലിക്കണമെന്നും ചൈന മുന്നറിയിപ്പ് നൽകി.
അതേസമയം, ഇന്ത്യയുടെ തീരുമാനത്തിന് പിന്തുണയുമായി യു.എ.ഇ രംഗത്തെത്തി. ആർട്ടിക്കിൾ 370 എടുത്തുകളയാനുള്ള തീരുമാനം മേഖലയിലെ സാമൂഹിക, സാമ്പത്തിക രംഗങ്ങളെ ശക്തിപ്പെടുത്തുമെന്നാണ് യു.എ.ഇ അംബാസഡർ പ്രതികരിച്ചത്.