barcelona

കാമ്പ്നൂ: ജൊവാൻ ഗാംപർ ട്രോഫി സൗഹൃദ മത്സരത്തിൽ ആഴ്സനലിനെതിരെ ബാഴ്സലോണയ്ക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയം. അത്‌ലറ്റിക്കോയിൽ നിന്ന് റെക്കാഡ് തുകയ്ക്ക് ബാഴ്സയിലെത്തിയ അന്റോയീൻ ഗ്രീസ്മാന്റെ കാമ്പ്നൂവിലെ അരങ്ങേറ്റ മത്സരത്തിൽ അവസാന നിമിഷം ലൂയിസ് സുവാരസ് നേടിയ തകർപ്പൻ ഗോളിന്റെ മികവിലാണ് ബാഴ്സയുടെ ജയം.

തൊണ്ണൂറ്രൊമ്പതിനായിരത്തോളം കാണികളാണ് ഗ്രീസ്‌മാന്റെയും അയാക്സിൽ നിന്നെത്തിയ യുവതാരം ഫ്രാങ്ക് ഡി ജോംഗിന്റെയും സ്വന്തം തട്ടകത്തിലെ അരങ്ങേറ്രം കാണാനായി കാമ്പ്നൂവിലേക്കൊഴുകിയെത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ കിട്ടിയ രണ്ട് ഗോളുകളുടെ പിൻബലത്തിൽ ബാഴ്സലോണ ജയിച്ചുകയറിയത്.

36-ാം മിനിട്ടിൽ ഔബമെയാഗിന്റെ ഗോളിലാണ് ആഴ്‌സനൽ മുന്നിലെത്തിയത്. ഗ്രീസ്‌മാന്റെ നേതൃത്വത്തിലുള്ള ബാഴ്സയുടെ ആക്രമണങ്ങളെ ശക്തമായി ചെറുക്കുന്നതിനിടെയാണ് എയ്ൻസ്‌ലി മെയ്റ്ര്‌ലാൻഡ് - നിലെൻഡിന്റെ കാലിൽ നിന്ന് അബദ്ധത്തിൽ പിണഞ്ഞ സെൽഫ് ഗോളിൽ ആഴ്സനൽ സമനില വഴങ്ങുന്നത്. തുടർന്ന് കളിതീരാൻ മിനിട്ടുകൾ ശേഷിക്കെ ലൂയിസ് സുവാരസ് നേടിയ തകർപ്പൾ വോളി ഗോളിൽ ബാഴ്സ ജയമുറപ്പിക്കുകയായിരുന്നു. സെർജി റോബർട്ടോ നൽകിയ ലോഫ്റ്രഡ് പാസ് പെനാൽറ്രി ബോക്സിലേക്ക് ഓടിക്കയറിയ സുവരാസ് വായുവിൽ നിന്ന് കൃത്യമായി ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.