sreedharan-pillai
sreedharan pilla

കോഴിക്കോട്:ദേശീയ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയായ കാശ്‌മീർ പ്രശ്നത്തിന് അടിസ്ഥാന കാരണമായ ആർട്ടിക്കിൾ 370ഉം 35(എ) വകുപ്പും റദ്ദാക്കിയത് രാജ്യതാൽപര്യത്തിനായുള്ള കേന്ദ്രത്തിന്റെ ധീര നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജാതി - മത - പ്രാദേശിക - രാഷ്ട്രീയ ചിന്തകൾക്കതീതമായി ഇന്ത്യ ഏകമാണെന്നും, ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന മഹത്തായ ആശയം നടപ്പാക്കാനുള്ള ധീരമായ കാൽവയ്‌പ്പാണ് നരേന്ദ്രമോദി ഭരണകൂടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന് അഭിനന്ദനവും പിന്തുണയുമായി സമാധാനപരമായ ആഹ്ലാദപ്രകടനങ്ങൾ നടത്തണമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

കോൺഗ്രസിന് ഇക്കാര്യത്തിൽ രണ്ടഭിപ്രായമാണ്. സി.പി.എം, കോൺഗ്രസ്, ലീഗ് കക്ഷികൾ ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ കലാപത്തിന് ശ്രമിക്കുന്നത് ആപത്കരമാണ്. കേരളത്തിൽ ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിച്ച് മുതലെടുക്കാനുള്ള സി.പി.എം- കോൺഗ്രസ് - ലീഗ് പാർട്ടികളുടെ ആസൂത്രിത നിലപാട് കലാപത്തിനുള്ള ഒരുക്കമാണ്.

ബി.ജെ.പി മെം‌ബ‌ർഷിപ്പിൽ മുന്നേറ്റം

മെം‌ബർഷിപ്പ് പ്രവർത്തനത്തിൽ കേരളത്തിൽ പ്രതീക്ഷയ്ക്കപ്പുറമുള്ള ജനപങ്കാളിത്തമുണ്ടെന്നും ന്യൂനപക്ഷ- ദളിത് വിഭാഗങ്ങൾ വൻതോതിൽ അംഗങ്ങളായിട്ടുണ്ടെന്ന് പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ഇരുപത് ദിവസം കൊണ്ട് പുതിയ മെം‌ബർഷിപ്പ് അഞ്ച് ലക്ഷമായി. ഒന്നാം ഘട്ടം 11ന് പൂർത്തിയാവും.

അംഗത്വ പ്രചാരണത്തിന് ദേശീയ കൺവീനർ ശിവരാജ് സിംഗ് ചൗഹാൻ നാളെ കേരളത്തിലെത്തും. ഇന്ന് വൈകിട്ട് 4 മണിക്ക് അളകാപുരിയിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്ലീം ലീഗ് നേതാവായിരുന്ന സെയ്‌ദ് ഉമ്മർ ബാഫക്കി തങ്ങളുടെ ചെറുമകൻ സെയ്‌ദ് താഹാ ബാഫക്കി തങ്ങൾ, മനഃശാസ്ത്രജ്ഞനായ യാഹ്യാ ഖാൻ, കോഴിക്കോട് സർവകലാശാല മുൻ വി.സി അബ്ദുൾ സലാം, എൻ.ജി.ഒ യൂണിയൻ മുൻ നേതാവ് ജയാനന്ദൻ തുടങ്ങി നിരവധി പ്രമുഖർ ബി.ജെ.പിയിൽ ചേരുമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.