കൽപ്പറ്റ: വയനാട്ടിൽ കാലവർഷം ശക്തിപ്രാപിച്ചു.കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടത്. കബനി അടക്കം ചെറുതും വലുതുമായ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുന്നു. പുഴയോരത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുളള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. മാനന്തവാടി താലൂക്കിൽ നിലയ്ക്കാതെ മഴ പെയ്തുകൊണ്ടിരിക്കുന്നു.
എന്നാൽ പുൽപ്പളളി മേഖലയിൽ കാലവർഷം തീരെ ദുർബലമാണ്. കൽപ്പറ്റ, സുൽത്താൻബത്തേരി പ്രദേശങ്ങളിലും നല്ല തോതിൽ മഴ ലഭിച്ചു. വയനാട്ടിൽ ഉൾപ്രദേശങ്ങളിൽ ചെറുതും വലുതുമായ ഉരുൾ പൊട്ടലും അനുഭവപ്പെട്ടു. കുറിച്യർമലയിൽ വലിയ തോതിൽ തന്നെ ഉരുൾ പൊട്ടി. ആളപായമില്ല. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് വലിയ തോതിൽ ഉരുൾപൊട്ടൽ നടന്നിരുന്നു. വയനാട്ടിലേക്കുളള ചുരം റോഡുകളും നിരീക്ഷണത്തിലാണ്. ബോയ്സ് ടൗൺ വഴിയുളള കൊട്ടിയൂർ അമ്പായത്തോട് ചുരം മേഖലയും ഭീഷണി ഉയർത്തുന്നു.
വീരാജ് പേട്ട മാക്കൂട്ടം ചുരത്തിൽ വൻ തോതിൽ മണ്ണിടിഞ്ഞതിനാൽ ഇതുവഴി കർണാടകയിലേക്കുളള വാഹന ഗതാഗതം മാനന്തവാടി, തോൽപ്പെട്ടി, കുട്ടി വഴിയാണ് കടന്നുപോകുന്നത്. അമ്പത് കിലോമീറ്റർ അധികം സഞ്ചരിക്കണം. കഴിഞ്ഞ വർഷവും ഇതേപോലെ ആഴ്ചകളോളം ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ബെംഗളൂരുവിനെ ഉത്തരമലബാറുമായി ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരത്തിൽ പെരുമ്പാടിക്ക് സമീപം മേമനക്കൊല്ലിയിലാണ് വൻ തോതിൽ റോഡ് ഇടിഞ്ഞത്. സ്ഥലം സന്ദർശിച്ച കുടക് ജില്ലാ കളക്ടർ ആനീസ് കൺമണി ജോയി ഇതുവഴിയുളള വാഹനഗതാഗതം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.