amit-shah

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നിന്നും പ്രത്യേക പദവി(ആർട്ടിക്കിൾ 370) എടുത്ത് മാറ്റുന്ന ബിൽ ലോക്സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്സഭയിലും പാസായിരിക്കുന്നത്.ഇനി ബില്ലിൽ രാഷ്‌ട്രപതി കൂടി ഒപ്പ് വയ്ക്കുമ്പോൾ അത് നിയമമാകും. ഇതോടെ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ജമ്മു കാശ്മീർ പൂർണമായും ഇന്ത്യയുടെ അധീനതയിൽ വന്നുചേരും. ലോക്സഭയിൽ 351 പേരാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. അതായത് മൂന്നിൽ രണ്ട്‍ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. 72 ലോക്സഭാ അംഗങ്ങൾ പ്രമേയത്തിനെ എതിർക്കുകയും ചെയ്തു. കോൺഗ്രസ്, ഡി.എം.കെ, സി.പി.എം.സി.പി.ഐ എന്നീ പാർട്ടികളാണ് പ്രമേയത്തെ എതിർത്ത് കൊണ്ടാണ് വോട്ട് ചെയ്തിരിക്കുന്നത്. ബില്ലിനെ പിന്തുണച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യയും വോട്ട് ചെയ്തു. രാജ്യത്തിന് ഗുണകരമായ തീരുമാനമാണിതെന്നാണ് സിന്ധ്യ പ്രതികരിച്ചത്. അടുത്തതായി ലോക്സഭ പരിഗണിക്കുന്നത് കാശ്മീരിനെ രണ്ടാക്കി വിഭജിക്കുന്ന ബില്ലാണ്.