sivaranjith

തിരുവനന്തപുരം: പി.എസ്.സിയുടെ സിവിൽ പൊലീസ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമേക്കേടുകളുടെ വിവരങ്ങൾ പുറത്ത് വരുന്നു. പരീക്ഷാ ഹാളിൽ നിന്ന് വാട്സ്ആപ്പ് വഴി ചോദ്യപ്പേപ്പർ പുറത്തെത്തിച്ചെന്നാണ് വിജിലൻസ് കരുതുന്നത്. മാത്രമല്ല ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും പരീക്ഷ പേപ്പറിലെ തെറ്റുകളിലെ സാമ്യമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ നടന്ന 2018 ജൂലൈ 22ന് ഉച്ചയ്ക്ക് 2നും 3.15നും ഇടയിൽ നിരവധി സന്ദേശങ്ങളാണ് ഇവരുടെ ഫോണിലേക്ക് വന്നത്.

യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്ത് കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് രണ്ടു ഫോണുകളിൽ നിന്നായി 96 മെസേജുകളാണ് വന്നത്. ഇതിൽ ആറെണ്ണം 2.08നും 2.15നും ഇടയിലായിരുന്നു. 2.15നും 3.15നും ഇടയിൽ 81 സന്ദേശങ്ങളെത്തി. 9 സന്ദേശങ്ങളുടെ സമയം പൊലീസ് റിപ്പോർട്ടിലില്ല. 17ാം പ്രതിയും റാങ്ക് ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനുമായ പ്രണവിന്റെ ഫോണിലേക്ക് പരീക്ഷാ സമയത്ത് 78 സന്ദേശങ്ങളെത്തി. എന്നാൽ 28ാം റാങ്കുകാരനുമായ നസീമിന്റെ പി.എസ്‌.സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടു ഫോണിലേക്കും സന്ദേശങ്ങളെത്തിയിട്ടില്ല.

പരീക്ഷ എഴുതിയതിന് ശേഷം പ്രണവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നെന്നും കണ്ടെത്തിയിച്ചുണ്ട്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത് ആറ്രിങ്ങലിനടുത്ത ആലങ്കോട് വഞ്ചിയൂർ ഗവ.യുപി.സ്കൂളിലും പ്രണവ് മാമത്തെ ഗ്ലോബൽ പബ്ലിക് സ്കൂളിലും നസീം തൈയ്ക്കാട് ഗവ. ട്രെയിനിംഗ് കോളജിലുമാണ് പരീക്ഷ എഴുതിയത്. ലിസ്റ്റിൽ ആദ്യ നൂറ് റാങ്കുകളിൽ പെട്ടവരെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ഇവരുടെ കോൾ വിവരങ്ങൾ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂലായ് 22ന് നടന്ന പരീക്ഷയിൽ തിരുവനന്തപുരം എസ്.എ.പി, മലപ്പുറം എം.എസ്‌.പി, കെ.എ.പി 1 മുതൽ 5 വരെയുള്ള ബറ്റാലിയനുകളിലേക്ക് 6,56,058 പേരാണ് അപേക്ഷിച്ചത്. 3,59,456 പുരുഷൻമാരും, 2,96,602 വനിതകളും. എന്നാൽ ഇതിൽ രണ്ടു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതിയില്ല. 2019 ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്.