തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് കീഴിലെ വ്യവസായ എസ്‌റ്റേറ്റുകളെ ആധുനികവത്കരിക്കുമെന്നും കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കുമെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ എസ്‌റ്റേറ്റുകളിൽ നിലവിലെ സംരംഭങ്ങൾ മെച്ചപ്പെടണം. പ്രദേശത്തെ വ്യവസായികളുടെ സമിതികൾ രൂപീകരിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തണം. വ്യവസായ കേന്ദ്രങ്ങളിൽ ആവശ്യങ്ങളുമായി എത്തുന്നവർക്ക് എല്ലാ സഹായങ്ങളും പിന്തുണയും നൽകണം. വ്യവസായ വകുപ്പിന്റെ ഏകജാലക ക്ലിയറൻസ് സംവിധാനമായ കെ-സ്വിഫ്‌റ്റിന്റെ സാങ്കേതിക തകരാറുകൾ ഉടൻ പരിഹരിക്കും. നാലു ജില്ലകളിൽ വ്യവസായ അദാലത്ത് നടത്തി. മറ്റു ജില്ലകളിലും അദാലത്ത് നടത്തും.
സംസ്ഥാനം പൂർണമായും വ്യവസായ സൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ സ്‌കിൽഡ്, അൺസ്‌കിൽഡ് തൊഴിലാളികളെ ഉൾപ്പെടുത്തി വിവിധോദ്ദേശ വ്യവസായ സഹകരണ സംഘം രൂപീകരിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണെന്ന് യോഗത്തിൽ വ്യവസായ വാണിജ്യ ഡയറക്‌ടറേറ്റ് വ്യക്തമാക്കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, വ്യവസായ വകുപ്പ് ഡയറക്‌ടർ പി. ബിജു, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായ്‌പാ ഒറ്റത്തവണ
തീർപ്പാക്കാൻ അവസരം
വായ്‌പയെടുത്ത് വ്യവസായം തുടങ്ങി തിരിച്ചടവിൽ വീഴ്ചവരുത്തിയവർക്ക് പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കാൻ അവസരമൊരുക്കുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. അതിനായി സമയപരിധി നിശ്ചയിച്ച് അറിയിക്കും. അങ്ങനെ തിരിച്ചുകിട്ടുന്ന പണം പുതിയ സംരംഭകർക്ക് വായ്‌പയായി അനുവദിക്കും. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സംരംഭങ്ങൾ തകർന്നവരുടെ കേസുകൾ കൃത്യമായി പഠിച്ച് ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ജനറൽ മാനേജർമാരോട് മന്ത്രി നിർദേശിച്ചു.