ss

തിരുവനന്തപുരം: രാമായണം വായിക്കാത്തവരാണ് രാമന്റെ പേരിൽ കലാപമുണ്ടാക്കുന്നതെന്ന് കഥാകൃത്ത് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. വനവാസകാലത്ത് അയോധ്യയിൽ നിരീശ്വരവാദികളായ ചാർവാകൻമാർക്കും സുഖമാണോ എന്നാണ് തന്നെ സന്ദർശിക്കാനെത്തിയ ഭരതനോട് ശ്രീരാമൻ ചോദിച്ചത്. വിപരീത ആശയങ്ങളെ ആദരിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാർ ഫാസിസത്തിനെതിരെ സംസ്‌കാര സാഹിതിയുടെ 'അടൂരിനൊപ്പം" സാംസ്‌കാരിക സദസ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് അദ്ധ്യക്ഷനായിരുന്നു. വി.ടി. ബൽറാം എം.എൽ.എ, പന്തളം സുധാകരൻ, സംവിധായകൻ മധുപാൽ, ബാലു കിരിയത്ത്, ഹരികുമാർ, പാലോട് രവി, ആർ.ബി. ശ്രീകുമാർ, ഗിരീഷ് പുലിയൂർ, നെയ്യാറ്റിൻകര സനൽ, പന്തളം ബാലൻ, സുമേഷ്‌ കൃഷ്ണൻ, രാമചന്ദ്രബാബു, എൻ.വി. പ്രദീപ്കുമാർ, എം.ആർ. തമ്പാൻ, വി.ആർ. പ്രതാപൻ എന്നിവർ സംസാരിച്ചു.