adoor-gopalakrishnan

തിരുവനന്തപുരം: ഹിന്ദുത്വം എന്തെന്ന് മനസിലാക്കാത്തവരാണ് തനിക്കെതിരെ വിമർശനങ്ങനങ്ങളുന്നയിക്കുന്നതെന്നും മറ്റ് മതസ്ഥരെ അപമാനിക്കണമെന്ന് ഹിന്ദുമതത്തിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. തന്റെ 'പിന്നെയും' സിനിമയുടെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശന കർമ്മത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമാശയുടെ മേമ്പൊടിയോടെയായിരുന്നു അടൂരിന്റെ പ്രസംഗം. കുഞ്ഞുനാളിലെ തുടങ്ങിയതാണ് അമ്പിളിയമ്മാവനുമായുള്ള ബന്ധം.

അവിടെ പോകാൻ ഭാഗ്യം ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. തനിക്കെതിരെ വിമർശനമുന്നയിച്ചതിൽ പ്രമുഖൻ തന്നെ ആ അദ്ധ്യായം അവസാനിച്ചതായി പറഞ്ഞതോടെ ആ അവസരമാണ് നഷ്ടപ്പെട്ടത്. നന്മയുടെ പ്രതീകമായ രാമനെ ഇത്തരത്തിൽ ഉപയോഗപ്പെടുത്തരുതെന്ന് മാത്രമാണ് കത്തിലൂടെ ഉദ്ദേശിച്ചത്. ജനാധിപത്യ രാജ്യമാണ് ഇതെന്ന് വിശ്വാസത്താലാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഒരു ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയുന്നവരെ ദേശദ്രോഹികളായി മുദ്ര കുത്തരുത്. എതിരായ അഭിപ്രായങ്ങളെയും സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി എഴുത്തുകാരി റോസ് മേരിക്ക് നൽകി തിരക്കഥ പ്രകാശനം ചെയ്തു. സാമൂഹ്യ വിഷയങ്ങളിൽ കലാസൃഷ്ടികളിലൂടെ പ്രതികരിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ എടുക്കേണ്ട നേരത്ത് നിലപാടുകൾ എടുക്കുന്ന വ്യക്തിയാണെന്ന് എം.എ ബേബി പറഞ്ഞു. സിനിമയെ വിനോദോപാധി എന്നതിനപ്പുറം ദാർശനിക രൂപമാക്കി വികസിപ്പിച്ചവരിൽ പ്രമുഖനാണ് അദ്ദേഹം. സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കൃത്യമായി വിലയിരുത്താനും ഇവയിലൂന്നി രാഷ്ട്രീയ സിനിമയെടുക്കാനും അടൂരിനു കഴിഞ്ഞു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ അദ്ധ്യക്ഷനായി. കെ.എൻ ഷാജി, പി.എസ് പ്രദീപ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം ഡോ.ആർ.ബി രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തകത്തിന്റെ പ്രസാധകർ.