ന്യൂയോർക്ക്: സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കറുത്ത വർഗക്കാരിയായ ആദ്യ എഴുത്തുകാരി ടോണി മോറിസൺ അന്തരിച്ചു. 88 വയസായിരുന്നു. പ്രസാധകനായ ആൽഫ്രഡ് എ. നോഫ് ആണ് മരണ വാർത്ത ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഇന്നലെ രാത്രി ന്യൂയോർക്കിലെ മോണ്ടിഫോറി മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം.
1931ൽ ഓഹിയോയിലെ ലോറെയിനിൽ ജനിച്ച ടോണി മോറിസൺ ബിലൗവ്ഡ് എന്ന നോവലിലൂടെയാണ് ലോകപ്രശസ്തയായത്. ഈ നോവലിന് 1988ൽ പുലിറ്റ്സർ പുരസ്കാരവും അമേരിക്കൻ ബുക് അവാർഡും ലഭിച്ചു. 1993ൽ ഇതേ നോവലിന് നോബൽ പുരസ്കാരവും ലഭിച്ചു. 1998ൽ ബിലൗവ്ഡ്, അതേ പേരിൽ തന്നെ ഓപ്ര വിൻഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്. മോറിസന്റെ നോവൽ ത്രയത്തിലെ ആദ്യ പുസ്തകമാണ് ബിലൗവ്ഡ്. പിന്നീട് 1992ൽ ജാസും 1997ൽ പാരഡൈസും പുറത്തിറങ്ങി. 2015ൽ പ്രസിദ്ധീകരിച്ച ഗോഡ് ഹെൽപ് ദ ചൈൽഡ് ആണ് അവസാന പുസ്തകം. ഏകദേശം അഞ്ചു പതിറ്റാണ്ടു കാലം അമേരിക്കയിലെ ആഫ്രിക്കൻ സമൂഹത്തിന്റെ ജീവിതവും സംസ്കാരവും തന്റെ എഴുത്തിലൂടെ മോറിസൺ ആവിഷ്കരിച്ചു. മോറിസന്റെ ജീവിതവും എഴുത്തും പ്രതിപാദിക്കുന്ന ഡോക്യുമെന്ററി “ടോണി മോറിസൺ: ദ പീസസ് ഐ ആം,” ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത.
ആഫ്രിക്കൻ - അമേരിക്കൻ ജീവിതങ്ങളുടെ നേർക്കാഴ്ചകളായിരുന്നു മോറിസണിന്റെ നോവലുകൾ. ബിലൗവ്ഡ്‍, സോംഗ് ഒഫ് സോളമൻ, സുല, ബ്ലൂവെസ്റ്റ് ഐ, എ മെഴ്സി ഹോം, പാരഡൈസ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികൾ. 2012ൽ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‍കാരമായ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം പ്രസിഡന്റ് ബറാക് ഒബാമ സമ്മാനിച്ചിരുന്നു. 60 വർഷത്തെ തന്റെ എഴുത്തുജീവിതത്തിനിടയിൽ ടോണി, 11 നോവലുകൾ, രണ്ട് നാടകങ്ങൾ, ഓപ്പറാ, അഞ്ച് ബാലപ്രസിദ്ധീകരണങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്.