1. മാദ്ധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. ജാമ്യത്തിന് എതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന്. സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കുക. ശ്രീറാമിന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള തിരുവനന്തപുരം സി.ജെ.എം കോടതിയുടെ നടപടി, കേസ് ഡയറിയും രക്ത പരിശോധനാ ഫലവും വിലയിരുത്തിയ ശേഷം ആയിരുന്നു. ശ്രീറാം മദ്യപിച്ചിട്ടുണ്ട് എന്ന എങ്ങനെ കണ്ടെത്തി എന്ന് ചോദിച്ച കോടതി, രക്ത പരിശോധനാ ഫലം ഹാജരാക്കണം എന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്വേഷണ സംഘം നല്‍കിയ തെളിവുകള്‍ പരിശോധിച്ച കോടതി ശ്രീറാമിന് ജാമ്യം അനുവദിക്കുക ആയിരുന്നു
2. തെളിവ് ശേഖരണത്തിന് ആയി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണം എന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ചികിത്സയില്‍ ആണ് എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. അതിനിടെ, കേസില്‍ അട്ടിമറി വ്യക്തമാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. രക്തപരിശോധന അട്ടിമറിച്ചതിന് പിന്നാലെ വാഹനം ഓടിച്ചത് ശ്രീറാം തന്നെയെന്ന് സ്ഥിരീകരിക്കാനുള്ള ഫൊറന്‍സിക് തെളിവ് ശേഖരണവും വൈകിപ്പിക്കുന്നു. പരുക്കിന്റെ പേരില്‍ മൂന്ന് ദിവസമായിട്ടും ശ്രീറാമിന്റെ വിരലടയാളം എടുക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ല. എന്നാല്‍ ജാമ്യ ഹര്‍ജിയില്‍ ശ്രീറാം സ്വയം ഒപ്പിട്ട് നല്‍കിതോടെ ഇത് അട്ടിമറി ശ്രമമെന്ന് വ്യക്തമായി.
3. കാറിന്റെ സ്റ്റീയറിംഗില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ വിരലടയാളം ശേഖരിച്ചു. ശ്രീറാമിന്റെ വിരലടയാളവും ശേഖരിച്ച് ഇത് രണ്ടും ഒന്നാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ വാഹനം ഓടിച്ചത് ശ്രീറാം ആണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനാവു. കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസ് വിരലടയാളം എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരു കയ്യില്‍ പരുക്കും മറ്റൊരു കയ്യില്‍ ട്രിപ്പും ഇട്ടിരിക്കുക ആണെന്ന പേരില്‍ ഡോക്ടര്‍മാര്‍ തടഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയപ്പോഴും ഇതേ നിലപാടാണ് പൊലീസ് സ്വീകരിച്ചത്
4. നെഹ്റുവിനെ വിമര്‍ശിച്ച് കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍. പാക് അധിനിവേശ കാശ്മീരിന് ഉത്തരവാദി നെഹ്റു എന്ന് അമിത് ഷായുടെ ആരോപണം. പാക് അധീന കാശ്മീര്‍ ഉണ്ടായത്, ഏകപക്ഷീയം ആയി നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍. കാശ്മീര്‍ വിഷയം യു.എന്നിലേക്ക് കൊണ്ടുപോയതും നെഹ്റു എന്ന് അമിത് ഷായുടെ പരാമര്‍ശം. 70 വര്‍ഷം ചര്‍ച്ച നടത്തിയിട്ടും കാശ്മീരിന്റെ കാര്യത്തില്‍ തീരുമാനം ആയില്ല. അനുച്ഛേദം 370 രാജ്യത്തിന്റെ ഐക്യത്തിന് എതിര് എന്നും ലോക്സഭയില്‍ അമിത് ഷായുടെ മറുപടി. വിഘടന വാദകളുമായി ഒരു ചര്‍ച്ചും നടത്തില്ല എന്നും ആഭ്യന്തര മന്ത്രി ലോക്സഭയില്‍ പറഞ്ഞു.
5. അതേസമയം, ജമ്മുകാശ്മീരിനെ രണ്ടാക്കിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചൈന രംഗത്ത്. ഏകപക്ഷീയ നടപടികള്‍ പാടില്ല എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. അതേസമയം, ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യയും രംഗത്ത് എത്തി. ജമ്മുകാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം എന്ന് ഇന്ത്യ. ആഭ്യന്തര വിഷയങ്ങളില്‍ പരസ്പരം ഇടപെടരുത് എന്നും ചൈനയോട് ഇന്ത്യ.
6. സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ട് മരണം. കോഴിക്കോട് അടിവാരത്ത് പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വയനാട് റിസോര്‍ട്ട് നിര്‍മ്മാണത്തിലെ മണ്ണിടിച്ചില്‍ തൊഴിലാളി മരിച്ചു. വയനാട് കുറിച്യര്‍ മലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഭീഷണി. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. കരുതല്‍ നടപടിയില്‍ മൂന്ന് ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അതേസമയം, വരും ദിവസങ്ങളലും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതി തീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
7. വെള്ളിയാഴ്ച വരെയാണ് കനത്ത മഴക്കുള്ള മുന്നറിയിപ്പ് നല്‍കി ഇരിക്കുന്നത്. ആലപ്പുഴ വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകും എന്നാണ് പ്രവചനം. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
8. ചന്ദ്രയാന്‍-2 പേടകത്തിന്റെ അഞ്ചാം ഘട്ട ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയായി. 17 മിനുട്ടും 35 സെക്കന്‍ഡും നേരത്തേക്ക് പേടകത്തിലെ പ്രപള്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 1,42,975 കിലോമീറ്ററും ആയ ഭ്രമണപഥത്തില്‍ പേടകം എത്തിയതായി ഐ.എസ.്ആര്‍.ഒ അറിയിച്ചു.
9. ഇന്ന് ഉച്ചയ്ക്ക് 3.04 ഓടെയാണ് ഭ്രമണപഥ വികസനം പൂര്‍ത്തിയായത്. ചന്ദ്രയാന്‍ രണ്ട് ഉപഗ്രഹത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ് ഇന്ന് പൂര്‍ത്തിയായത്. ആഗസ്റ്റ് പതിനാലിനാണ് ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാകും എന്നാണ് ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ .
10. കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് എന്തുകൊണ്ട് സര്‍ക്കാരിന് നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്ന് കോടതി. ഇത് സര്‍ക്കാരിന്റെ പരാജയം അല്ലേ എന്നും കോടതിയുടെ ചോദ്യം. അതേസമയം, വലിയ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് വിധി നടപ്പാക്കാന്‍ കഴിയാതെ പിന്മാറിയത് എന്ന് സര്‍ക്കാറിന്റെ വാദം. വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണം എന്നും ആവശ്യം. കേസില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി.