തിരുവനന്തപുരം: മെറിൻ ജോസഫ് ഐ.പി.എസുമായി തനിക്ക് പരിചയമുണ്ടെന്ന വെളിപ്പെടുത്തലുമായി മാദ്ധ്യമപ്രവർത്തകനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ സ്ത്രീസുഹൃത്ത് വഫ ഫിറോസ്. എന്നാൽ തങ്ങൾ തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ലെന്നും പരസ്പരം 'സുഖമാണോ?' എന്ന് ചോദിക്കുന്ന തരത്തിലുള്ള ബന്ധം മാത്രമേ മെറിനുമായി ഉള്ളൂ എന്നും വഫ വിശദീകരിച്ചു. ശ്രീറാമും മെറിനുമല്ലാതെ വേറെ ഉന്നതരുമായി താൻ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും വഫ വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്റെ ഒരു ഷോ കണ്ടിട്ടാണ് താൻ അയാളുമായി ബന്ധപ്പെടുന്നതെന്നും, ഷോ സംബന്ധിച്ച് താൻ ശ്രീറാമിനെ അഭിനന്ദനം അറിയിച്ചപ്പോൾ അയാൾ തന്നെ ഓഫീസിലേക്ക് ക്ഷണിച്ചിരുന്നുവെന്നും 'മീറ്റ്' ചെയ്യാം എന്ന് പറഞ്ഞിരുന്നുവെന്നും വഫ പറയുന്നു.
താൻ ശ്രീറാമിനെ ഏറെ ബഹുമാനിക്കുന്നതായും വഫ സൂചിപ്പിച്ചു. താൻ ശ്രീറാമുമായി വാട്സാപ്പ് വഴിയാണ് ബന്ധപ്പെട്ടിട്ടുള്ളതെന്നും ഒരിക്കൽ പോലും പരസ്പരം ഫോണിൽ സംസാരിച്ചിട്ടില്ലെന്നും വഫ പറഞ്ഞു. മാത്രമല്ല, ശ്രീറാമല്ല, തനിക്ക് പൂർണവിശ്വാസമുള്ള ആര് വിളിച്ചാലും സമയം നോക്കാതെ താൻ സഹായിക്കാൻ ചെല്ലുമെന്നും വഫ പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സമയത്ത് താനും ശ്രീറാമും വഴിയിൽ നിന്ന പലരോടും സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും സഹായിക്കാൻ തയാറായില്ലെന്നും വഫ വിശദീകരിച്ചു. തന്റെ ഭർത്താവിന് ശ്രീറാമിനെ അറിയാമെന്നും ശ്രീറാമിന്റെ കാര്യം താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും വഫ പറയുന്നുണ്ട്. എന്നാൽ അപകടത്തിന് ശേഷം ആ വിവരം ഭർത്താവിനോട് പറയാൻ സാധിച്ചില്ലെന്നും അതിൽ അദ്ദേഹത്തിന് പരിഭവമുണ്ടെന്നും വഫ തുറന്നു പറഞ്ഞു. തനിക്ക് തന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും വഫ പറഞ്ഞു.
ഭർത്താവുമായി അകന്ന് കഴിയുന്ന ആളല്ല താനെന്നും അത്തരത്തിൽ വാർത്തകൾ വരുന്നത് തെറ്റാണെന്നും വഫ പറഞ്ഞു. ഭർത്താവ് മറൈൻ എഞ്ചിനീയയാറായി ജോലി നോക്കുന്ന ആളാണെന്നും വഫ വെളിപ്പെടുത്തി. ഒരു പ്രമുഖ വാർത്താ ചാനലുമായുള്ള അഭിമുഖത്തിലാണ് വഫ ഇക്കാര്യങ്ങൾ പറഞ്ഞത്. താൻ മോഡലല്ലെന്നും ഒരു ചുരിദാറിന്റെ പരസ്യത്തിന് വേണ്ടി ചില ഫോട്ടോകൾ എടുക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും വഫ പറയുന്നു. താൻ യോഗ ടീച്ചറാണെന്നും രണ്ട് വാർത്താ ചാനലുകൾക്ക് വേണ്ടി ഇസ്‌ലാമിക പ്രമേയമുള്ള പരിപാടികൾ താൻ അവതരിപ്പിച്ചിട്ടുണ്ടെന്നും വഫ പറയുന്നു.