kashmir-issue

ന്യൂഡൽഹി: ജമ്മു കാശ്മീർ വിഭജിക്കുന്ന ബില്ലിനെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ജമ്മു കശ്മീരിന്റെ കാര്യത്തിൽചരിത്രം മറന്നുകൊണ്ടുള്ള അപകടകരമായ കളിയാണ് മോദി സർക്കാർ കളിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കശ്മീർ വിഭജനബില്ലിൽ വേണ്ടത്ര ചർച്ച നടത്താത്തിയില്ല. കശ്മീരിൽ സർക്കാരുണ്ടാക്കാൻ പി.ഡി.പിയുമായി സഖ്യത്തിലേർപ്പെടുന്ന ബി.ജെ.പി എന്തുകൊണ്ടാണ് വിഭജനകാര്യത്തിൽ അവരുമായി ചർച്ച ചെയ്യാത്തതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ കേന്ദ്രസർക്കാർ കരുതുന്നതെന്നും മലപ്പുറം എം.പി ചോദിച്ചു. എന്നാൽ കുഞ്ഞാലിക്കുട്ടി മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി. പതിവു രീതിയിലാണ് ഇന്നും കുഞ്ഞാലിക്കുട്ടി ഇവിടെ സംസാരിച്ചത്. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ആരാണ് കശ്മീരിൽ ന്യൂനപക്ഷം. കശ്മീരിൽ ഹിന്ദുക്കളില്ലേ, ജൈനൻമാരില്ലേ, സിഖുകാരില്ലേ ഇവർക്കൊന്നും അവിടെ ജീവിക്കണ്ടേ?​- അമിത് ഷാ ചോദിച്ചു.

കശ്മീരിലെ ന്യൂനപക്ഷം എന്നു പറയുന്നത് സിഖ് മതസ്ഥരാണ്. അവരുടെ എന്ത് അവകാശമാണ് കവര്‍ന്നെടുക്കാന്‍ പോകുന്നത്. 370-ാം വകുപ്പ് ന്യൂനപക്ഷങ്ങളോട് അന്യായമാണ് കാണിച്ചത്. ദേശീയന്യൂനപക്ഷ കമ്മീഷന്‍റെ നിർദേശങ്ങളോ നിയമങ്ങളോ കശ്മീരിൽ ബാധകമല്ല. അതിനു കാരണം 370-ാം വകുപ്പാണെന്നും അമിത് ഷാ പറഞ്ഞു.