child-abuse

ഒരു മകൾ തനിക്ക് താങ്ങും തണലും ആയിട്ടാകും സ്വന്തം അച്ഛനെ കാണുക. എന്നാൽ തനിക്ക് കാവാലാകേണ്ട ആ അച്ഛൻ തന്നെ ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്നമായാലോ? തനിക്ക് ഏറ്റവും വെറുപ്പുള്ള മനുഷ്യൻ തന്റെ സ്വന്തം അച്ഛൻ തന്നെയാണെന്ന് പറയേണ്ട, ഒരു മകൾക്കും ഉണ്ടാകാൻ പാടിലാത്ത ഗതികേടിലാണ് രാജസ്ഥാനിലെ ഒരു 16 വയസുകാരി. 10 വർഷമായി അച്ഛനിൽ നിന്നും താൻ നേരിട്ടതും, തന്റെ കണ്ണുകൊണ്ട് കണ്ടതുമായ പീഡനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഈ കൗമാരക്കാരി.

തന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ് പത്ത് വർഷമായി തന്റെ പിതാവിനാൽ ഉപദ്രവിക്കപ്പെട്ടതിന്റെ കഥകൾ ഈ പെൺകുട്ടി വെളിപ്പെടുത്തുന്നത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കുട്ടിയുടെ അച്ചനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. താൻ നേരിട്ട ഏറ്റവും മോശമായ അനുഭവങ്ങൾ വിശദമായി ഈ പെൺകുട്ടി തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. രാജസ്ഥാനിലെ ഗംഗാനഗർ ജില്ലയിലാണ് പെൺകുട്ടി താമസിക്കുന്നത്.

മുത്തശ്ശിയുടെയും മുത്തച്ഛന്റേയും ഒപ്പം കഴിയുകയായിരുന്നു പെൺകുട്ടി തന്റെ ആറാം വയസിലാണ് അച്ഛനമ്മമാരുടെ വീട്ടിലേക്ക് വരുന്നത്.

ഏറെ ആഹ്ലാദവതിയായിരുന്ന കുട്ടി അച്ഛന്റെ സാമീപ്യം മൂലമാണ് ഉൾവലിഞ്ഞവളായി തീരുന്നത്. വീട്ടിലെത്തി ഏതാനും നാളുകൾക്കുള്ളിൽ അച്ഛൻ തന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങിരുന്നു എന്ന് കുട്ടി തന്റെ ഡയറിക്കുറിപ്പിൽ പറയുന്നു. വെറും ആറ് വയസ് മാത്രമുള്ള കുട്ടിയെ അശ്‌ളീല വീഡിയോകൾ കാണിക്കുക എന്നതായിരുന്നു ഇയാളുടെ മറ്റൊരു വിനോദം. പിന്നീട് ദിവസവും ഇയാൾ കുട്ടിയെ ലൈംഗികമായി സമീപിക്കുന്നത് ശീലമാക്കി.

ആദ്യത്തെ മൂന്ന് വർഷങ്ങളിൽ അച്ഛനിൽ നിന്നും പീഡനം ഏറ്റിരുന്നുവെങ്കിലും അത് എന്താണെന്ന് പോലും തിരിച്ചറിയാൻ ഈ പെൺകുട്ടിക്ക് ആകുമായിരുന്നില്ല. അവൾക്ക് അതിനുള്ള പ്രായം ആയിട്ടുണ്ടായിരുന്നില്ല. തന്നെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് കുട്ടി ചോദിക്കുമ്പോൾ ഇത് ഉപദ്രവമല്ലെന്നും ഇങ്ങനെയാണ് അച്ഛൻ മകളെ സ്നേഹിക്കുന്നതെന്നുമാണ് അച്ഛന്റെ സ്ഥാനത്തുള്ള ഈ മനുഷ്യൻ മറുപടി നൽകിയിരുന്നത്. ഇയാൾ ഒരു അദ്ധ്യാപകൻ കൂടിയാണ്. സ്വന്തം മകളെ മാത്രമല്ല വീട്ടിൽ ഇയാളുടെ അടുത്ത് ട്യൂഷനായി എത്തുന്ന മറ്റൊരു കുട്ടിയേയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഈ മകൾ തന്റെ ഡയറിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

നിരന്തരം അശ്‌ളീല വീഡിയോ തന്നെ കാണിക്കുന്ന പിതാവിനെ എതിർത്തപ്പോൾ അയാൾ തന്നെ ക്രൂരമായി മർദ്ധിച്ചുവെന്നും രണ്ടു തവണ തന്നെ ബലാൽസംഗം ചെയ്തുവെന്നും ഈ പെൺകുട്ടി തന്റെ ഡയറിയിൽ കുറിച്ചിട്ടുണ്ട്. അച്ഛന്റെ ഉപദ്രവം കാരണം താൻ ആത്മഹത്യ ചെയ്യാൻ ആലോചിക്കുകയാണെന്ന് കുട്ടി തന്റെ ക്ലാസിലെ ഒരു സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.പെൺകുട്ടിയുടെ സുഹൃത്ത് ഈ വിവരം പ്രിൻസിപ്പാളിനോട് പറഞ്ഞപ്പോൾ പ്രിൻസിപ്പാളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോസ്കോ നിയമപ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ച പെൺകുട്ടിയുടെ പിതാവ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വീട്ടമ്മയാണ് കുട്ടിയുടെ അമ്മ.