gulf-news
GULF NEWS,SAUDI AREBIA,SUSHMA SWARAJ

ന്യൂഡൽഹി: ബി.ജെ.പിയുടെ നക്ഷത്രത്തിളക്കമുള്ള വനിതാ നേതാവും ഒന്നാം മോദി സർക്കാരിലെ പ്രഗത്ഭയായ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമാ സ്വരാജ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 67 വയസായിരുന്നു. ഇന്നലെ രാത്രി 11മണിയോടെ ഡൽഹി ആൾ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലായിരുന്നു രാജ്യത്തെയാകെ നടുക്കി സുഷമയുടെ ആകസ്‌മികമായ അന്ത്യം. രാത്രി എട്ടോടെയാണ് സുഷമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വർഷം വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ സുഷമ സ്വരാജിനെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. എങ്കിലും ഇന്നലെ രാത്രി എട്ട് മണി വരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും അവർക്ക് ഇല്ലായിരുന്നു. ഇന്നലെ പകലും രാഷ്‌ട്രീയ കാര്യങ്ങളിൽ സജീവമായിരുന്ന സുഷമ,​ രാത്രി 7. 23ന്,​ കാശ്‌മീരിനെ വിഭജിച്ച ഐതിഹാസിക തീരുമാനത്തിന് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. അതായിരുന്നു സുഷമയുടെ അവസാനത്തെ ട്വീറ്റ്.

ഇന്ത്യയുടെ സൂപ്പർ അമ്മ എന്ന് അമേരിക്കയലെ വാഷിംഗ്ടൺ പോസ്റ്റ് പത്രം വിശേഷിപ്പിച്ച സുഷമ സോഷ്യൽ മീഡിയയിലെ സജീവ സാന്നിദ്ധ്യത്തിലൂടെ ജനങ്ങൾക്കിടയിൽ വിശേഷിച്ചും യുവ തലമുറയ്‌ക്കിടയിൽ നിറഞ്ഞു നിന്നിരുന്നു. ഇറാക്കിൽ കുടുങ്ങിയ മലയാളി നഴ്സ്‌മാരെ മോചിപ്പിക്കാൻ വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമ കൈക്കൊണ്ട നടപടികൾ വളരെ പ്രശംസിക്കപ്പെട്ടിരുന്നു.

ആരോഗ്യ കാരണങ്ങളാൽ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുഷമ മത്സരിച്ചിരുന്നില്ല. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സുഷമ സ്വരാജ് പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രുവരി 14ന് ജനിച്ച സുഷമ, എഴുപതുകളിൽ വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1977ൽ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 25 വയസായിരുന്നു.1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരെയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു.ഡൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമയാക്കാണ്. 1988 ഒക്ടോബർ 12 മുതൽ 1998 ഡിസംബർ 3 വരെയാണ് സുഷമ സ്വരാജ്,​ ഡൽഹി മുഖ്യമന്ത്രിയായത്.ഭർത്താവ്: സ്വരാജ് കൗശാൽ. ബാൻസുരി സ്വരാജ് ഏക മകളാണ്.

''നന്ദി മോദിജി,​വളരെ നന്ദി. എന്റെ ജീവിതത്തിൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്

- സുഷമ സ്വരാജിന്റെ അവസാനത്തെ ട്വീറ്റ്