sushma

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് നിര്യാതയായി. ഡൽഹി എയിംസ് ആശുപത്രിയിൽ വച്ചാണ് സുഷമ സ്വരാജ് വിടവാങ്ങിയത്. ഹൃദയാഘാതം മൂലമാണ് സുഷമ സ്വരാജ് മരമടഞ്ഞതെന്നാണ് വിവരം. മരിക്കുമ്പോൾ ഈ അനിഷേധ്യ നേതാവിന് 67 വയസായിരുന്നു. മരിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് കാശ്മീർ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് സുഷമ ട്വീറ്റ് ചെയ്തിരുന്നു. താൻ തന്റെ ജീവിതത്തിൽ ഉടനീളം ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണു സുഷമ ട്വീറ്റ് ചെയ്തിരുന്നത്. ബി.ജെ.പിയെ അനുകൂലിക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ പ്രിയപ്പെട്ട നേതാവായിരുന്നു സുഷമ സ്വരാജ്. തന്റെ തന്ത്രപരമായ ഇടപെടലുകളിലൂടെ അന്യരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന നിരവധി പേരെയാണ് സുഷമ സ്വരാജ്യത്ത് തിരികെ എത്തിച്ചത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല എന്ന് സുഷമ സ്വരാജ് അറിയിച്ചിരുന്നു. അനാരോഗ്യം മൂലമാണ് സുഷമ പൊതുരംഗത്ത് നിന്നും മാറി നിൽക്കുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിലൂടെ എന്നും ജനങ്ങൾക്കൊപ്പം തന്നെ സുഷമ നിലകൊണ്ടു. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം സുഷമ സ്വരാജ് ആന്ധ്രാ പ്രദേശിന്റെ ഗവർണർ സ്ഥാനം ഏറ്റെടുക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സുഷമ സ്വരാജ് തന്നെ രംഗത്ത് വന്നിരുന്നു. മന്ത്രിസ്ഥാനത്ത് ഇരുന്ന സമയത്ത് മികച്ച പ്രകടനം കാഴ്ച വച്ചതിന്റെ പേരിൽ നിരവധി തവണ സുഷമയെ തേടി പ്രശംസകൾ എത്തിയിരുന്നു. മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ, പ്രത്യേകിച്ച് ട്വിറ്ററിലൂടെ, ജനങ്ങളുമായി അടുത്തിടപഴകാനും സുഷമ സ്വരാജ് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തുടനീളം നിരവധി ആരാധകരാണ് സുഷമ സ്വരാജിന് ഉണ്ടായിരുന്നത്.