sushma-swaraj

ന്യൂഡൽഹി: 2014ലെ ഒന്നാം മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ രാജ്യത്തിന് സുഷമാ സ്വരാജിലുള്ള പ്രതീക്ഷകൾ വാനോളമായിരുന്നു. അഞ്ചുവർഷത്തെ ഭരണകാലയളവിൽ അവരത് പ്രശംസനീയമായ തന്നെ നിറവേറ്റുകയും ചെയ്തു. 2019ലെ രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭാ പട്ടികയിൽ സുഷമ ഇല്ലാതെപോയതിൽ ഏറ്റവും ദു:ഖിച്ചത് സാമൂഹ്യമാദ്ധ്യമങ്ങളിലെ സുഷമയുടെ ആരാധകരായിരുന്നു. അതിന് കാരണവുമുണ്ടായിരുന്നു. തന്നെ സമീപിക്കുന്നവരെ സൗമ്യവും ദീപ്തവുമായ മുഖത്തോടെ സ്വീകരിച്ചിരുന്ന സുഷമ,​ ട്വിറ്റർ പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു.

ട്വീറ്റുകൾ വഴി ആളുകളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർ എപ്പോഴും ശ്രമിച്ചിരുന്നു. ഇത്തരത്തിൽ ട്വീറ്റിലൂടെ സഹായം അഭ്യർത്ഥിച്ചവർക്ക് എത്രയും വേഗം സഹായത്തിനും പ്രശ്നപരിഹാരത്തിനുമുള്ള നടപടികൾ സ്വീകരിച്ചതിലൂടെ സുഷമ വാർത്തകളിൽ നിറഞ്ഞുനിന്നു. ഇത്തവണ മന്ത്രിസഭയിൽ നിന്ന് അനാരോഗ്യംകാരണം സുഷമ തിരഞ്ഞെടുപ്പിൽ നിന്ന് തന്നെ മാറിനിന്നപ്പോൾ അവരുടെ സഹായങ്ങൾക്ക് നന്ദി പറഞ്ഞും ആശംസകൾ അറിയിച്ചുമാണ് സോഷ്യൽ മീഡിയ സ്നേഹം പ്രകടിപ്പിച്ചത്. ''സർക്കാർ മാറി വരും, മന്ത്രിസഭ മാറി വരും, എന്നാൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഇന്ത്യയിലെ ഏകമന്ത്രി സുഷമ തന്നെയായിരിക്കും" എന്നായിരുന്നു ഒരാളുടെ പ്രതികരണം.''മന്ത്രിസഭയ്ക്കുള്ളിൽ വികാരങ്ങളും മൂല്യങ്ങളും കൊണ്ടുവന്ന നിങ്ങളെ രാജ്യം മിസ് ചെയ്യും" എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

അതിർത്തി കടന്ന സുഷമസ്നേഹം

അനുകമ്പയും സ്നേഹവും മനുഷ്യത്വവും ഒന്നിച്ചുചേർന്ന രൂപമായിരുന്നു സുഷമാ സ്വരാജിന്റേത്. സഹായം അഭ്യർത്ഥിക്കുന്നവരെ നിരാശരാക്കാതെയുള്ള നീതിപൂർവമായ ഇടപെടലുകളിലൂടെയാണ് അവർ രാഷ്ട്രീയ പാർട്ടിക്കും പ്രത്യയശാസ്ത്രത്തിനും അതീതയായ നേതാവായി വളർന്നുവന്നത്. 2017 ഒക്ടോബറിലാണ് ഹൃദയത്തിന് അപൂർവ രോഗം ബാധിച്ച പാക് ബാലന് തുണയായി സുഷമയെത്തിയത്. അതിർത്തികൾ കടന്ന മനുഷ്യസ്നേഹമായാണ് ഇന്നും ഈ സംഭവം പ്രകീർത്തിക്കപ്പെടുന്നത്. ചികിത്സയ്ക്കായി ഇന്ത്യയിലെത്താൻ വിസയ്‌ക് അപേക്ഷിച്ചിരുന്നെങ്കിലും പാക് ബാലന് ലഭിച്ചിരുന്നില്ല. തുടർന്നാണ് കുട്ടിയുടെ പിതാവ് തൗഖില്‍ അലി സുഷമ സ്വരാജിനോട് ട്വിറ്ററിലൂടെ സഹായം അഭ്യർത്ഥിച്ചത്. തൊട്ടടുത്ത ദിവസം അവർക്ക് ആശ്വാസവുമായി സുഷമയുടെ ട്വീറ്റ് എത്തി. ആശങ്കപ്പെടാനില്ലെന്നും താങ്കളുടെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയയ്ക്കായി വിസ അനുവദിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു സുഷമയുടെ മറുപടി. അമേരിക്കയിലെ ഡാലസിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസ്‌, ആഗ്രയിൽ അകമിക്കപ്പെട്ട സ്വിസ് ദമ്പതികൾ,​ ചെന്നൈയിൽ പൈസയില്ലാതെ കഷ്ടപ്പെട്ട റഷ്യൻ യുവാവ്, മലേഷ്യയിൽ വച്ച് പാസ്പോർട്ട്‌ നഷ്ടപ്പെട്ട മീര രമേഷ് പാട്ടിൽ,​ അമേരിക്കയിൽ പാസ്പോർട്ട്‌ നഷ്ടപ്പെട്ട അനുഷ ധുലിപാല, അങ്ങനെ നീളുന്നു സുഷമയുടെ സഹായം തേടിയവുടെ നീണ്ട നിര.