പരിപ്പു ചീരയെന്ന പേരിലും അറിയപ്പെടാറുള്ള സാമ്പാർചീര ഔഷധഗുണമേറിയ ഇലക്കറിയാണ്. യാതൊരു പരിചരണവും കൂടാതെ തന്നെ നമ്മുടെ വീട്ടുപരിസരങ്ങളിൽ തഴച്ചു വളരാറുള്ള സാമ്പാർചീരയിൽ ധാരാളം പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യവും രോഗപ്രതിരോധശക്തിയും നൽകുന്ന സാമ്പാർ ചീര വിറ്റാമിൻ എ യുടെ സമ്പന്നമായ കലവറയാണ്.
കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ധാരാളമുണ്ട്. ആന്റി ഓക്സിഡന്റുകൾ ഏറെയുള്ളതിനാൽ രോഗങ്ങളെ പ്രതിരോധിക്കും. ഇതിലുള്ള ഇരുമ്പ് വിളർച്ച അകറ്റി ഉന്മേഷം നൽകും. അസ്ഥിസംബന്ധമായ രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനും കഴിവുണ്ടെന്ന് പറയപ്പെടുന്നു. സാമ്പാർ ചീരയിൽ കലോറി വളരെ കുറവാണ്. പ്രമേഹ രോഗികൾക്കും ഉത്തമമാണിത് . സാമ്പാർ, പരിപ്പ് എന്നിവയിൽ ചേർത്ത് ഉപയോഗിക്കാറുള്ള സാമ്പാർ ചീര മുട്ട ചേർത്തോ അല്ലാതെയോ തോരനാക്കിയും സൂപ്പ്, രസം എന്നിവയിൽ ചേർത്തും കഴിക്കാം.