''ആ..."
അലറിക്കൊണ്ട് അണലി അക്‌ബർ കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു.
അയാളുടെ അലർച്ച കോവിലകത്തെ വിറപ്പിച്ചു.
ഉറക്കത്തിലായിരുന്ന പ്രജീഷും ചന്ദ്രകലയും ഞെട്ടിയുണർന്നു.
ഒരലർച്ച കേട്ടോ?
ഇരുളിൽ ഇരുവരും കാതോർത്തു. അതോ തോന്നലായിരുന്നോ?
പക്ഷേ രണ്ടുപേർക്ക് ഒരേപോലെ തോന്നൽ ഉണ്ടാകുമോ?
''കലേ... നീ ഒരു അലർച്ച കേട്ടോ?"
പ്രജീഷിന്റെ ശബ്ദത്തിൽ വിറയൽ.
''ഉം." ചന്ദ്രകല ഒന്നു മൂളി. എന്തായാലും വാതിൽ തുറക്കരുത്."
പുറത്ത് തന്റെ തീ പിടിച്ച വസ്ത്രങ്ങൾ വലിച്ചുപറിച്ചെറിയാൻ ഒരു ശ്രമം നടത്തി നോക്കി അണലി.
കഴിയുന്നില്ല.
ഒന്നാമത് മദ്യലഹരി.
സൂചികൾ കണക്കെ മാംസത്തിലേക്കും തീ നാമ്പുകൾ തള്ളിക്കയറുന്നു.
അതിനിടയിലും അയാൾ കണ്ടു, തനിക്ക് അല്പം മുൻപിലായി ഒരു കറുത്ത രൂപം...!
''രക്ഷിക്കണം... എന്നെ കൊല്ലരുത്." അണലി യാചിച്ചു.
പക്ഷേ ആ രൂപത്തിനു യാതൊരു പ്രതികരണവുമില്ല. പ്രതിമ കണക്കെ നിൽക്കുകയാണ്.
തീ പിടിച്ച ശരീരവുമായി അണലി നടുമുറ്റത്തേക്കു ചാടി.
ഒരു വൈക്കോൽ കോലത്തിനു തീ പിടിച്ചതു പോലെയായിരുന്നു അയാളുടെ രൂപം...
കറുത്ത രൂപം ഇത്തിരി നേരം അതു നോക്കിനിന്നു. ശേഷം മെല്ലെ നടന്നു മറഞ്ഞു.
അണലി നിലവിളിച്ചുകൊണ്ടിരുന്നു.
കോവിലകത്ത് കത്തിക്കരിയുന്ന മാംസത്തിന്റെ ഗന്ധം പരന്നു.
''പ്രജീഷേ... അണലിയാകുമോ നിലവിളിക്കുന്നത്?"
ചന്ദ്രകലയ്ക്കു സംശയം.
വാതിലിന്റെ താക്കോൽ പഴുതിലൂടെ കടന്നുവന്ന തീപ്പൊട്ടുപോലെ ഒരു വെളിച്ചം എതിർ ഭാഗത്തെ ഭിത്തിയിൽ ചെന്നു തട്ടിനിന്നു വിറയ്ക്കുന്നത് ഇരുവരും കണ്ടു.
പ്രജീഷ് പെട്ടെന്ന് മുറിയിലെ ലൈറ്റു തെളിച്ചു.
''എന്തോ കരിഞ്ഞു നാറുന്നു...."
അയാൾ വാതിൽ അല്പം തുറന്ന് കരുതലോടെ തല പുറത്തേക്കു നീട്ടി.
''കലേ..."
അറിയാതൊരു നിലവിളി അയാളുടെ കണ്ഠത്തിൽ മുറിഞ്ഞു.
ചന്ദ്രകലയും വാതിൽക്കലേക്ക് ഓടിയെത്തി.
''നോക്ക്."
നടുങ്ങിപ്പോയി അവൾ.
പ്രജീഷ് വാതിൽ പൂർണമായും തുറന്ന് പുറത്തേക്കു ചാടി.
നടുമുറ്റത്ത് അങ്ങിങ്ങ് ഓടിനടക്കുന്ന അഗ്നിയിൽ പൊതിഞ്ഞ മനുഷ്യരൂപം!
ചില ഇംഗ്ളീഷ് സിനിമകളിൽ കാണുന്നതു പോലെ...
''പ്രജീഷേ... അത് അണലിയാ..." ചന്ദ്രകല വിലപിച്ചു.
പക്ഷേ ആർക്കും അയാൾക്ക് അരുകിലേക്ക് പോകാനായില്ല.
അടുത്ത നിമിഷം അണലി തറയിൽ വീണ് ഒരു തീപ്പാമ്പായി പുളഞ്ഞു. കരിയുന്ന മാംസത്തിന്റെ ഗന്ധം രൂക്ഷമായി...
തങ്ങൾ ഒരു ശവപ്പറമ്പിലാണെന്ന് പ്രജീഷിനും ചന്ദ്രകലയ്ക്കും തോന്നി.
അവർ നോക്കിനിൽക്കെ അണലിയുടെ ചലനം നിലച്ചുതുടങ്ങി....
പെട്ടെന്നു ബോധോദയം ഉണ്ടായതുപോലെ പ്രജീഷ് അടുക്കള ഭാഗത്തെ പൈപ്പിൻ ചുവട്ടിലേക്ക് ഓടി.
ഒരു ബക്കറ്റിൽ വെള്ളം പിടിച്ചുകൊണ്ടുവന്ന് അണലിയുടെ ശരീരത്തിലേക്ക് ഒഴിച്ചു.
പഴുത്ത ലോഹത്തിൽ വെള്ളം വീഴുന്നതുപോലെ ഒരു ശബ്ദം.
തീയണഞ്ഞു.
പക്ഷേ മാംസത്തിൽ നിന്ന് പുക ഉയർന്നുകൊണ്ടിരുന്നു...
ഒരു കരിക്കട്ടയായി അണലി.....
''അക്‌ബറേ..."
പ്രജീഷ് വിളിച്ചു.
''അണലിയിൽ നിന്ന് ഞരക്കം കേട്ടു.
ശരീരം മുഴുവൻ വെന്താലും മരണം ഇത്തരം കേസുകളിൽ താമസിച്ചേ സംഭവിക്കൂ എന്ന് പ്രജീഷിനറിയാം.
അയാളുടെ മനസ്സിൽ പെട്ടെന്ന് ആഢ്യൻപാറയിലെ ആ രംഗം തെളിഞ്ഞു.
തീപ്പന്തം പോലെ പാഞ്ചാലി!
അതിന്റെ ഒരാവർത്തനമല്ലേ ഇത്? പ്രജീഷിന്റെ നട്ടെല്ലിനുള്ളിൽ ഒരു പെരുപ്പുണ്ടായി.
പേടിയോടെ അയാൾ ചുറ്റും നോക്കി.
തൂണും ചാരി ശവം പോലെ നിൽക്കുന്ന ചന്ദ്രകലയൊഴികെ അവിടെ മറ്റാരുമില്ല!
''സാറേ... രക്ഷിക്ക്."
ഒരു ഞരക്കം കേട്ട് അയാൾ അണലിയെ തുറിച്ചുനോക്കി.
വെന്തടർന്ന മുഖത്തിൽ പല്ലുകൾ അനങ്ങുന്നു...!
''ഹോ..." പ്രജീഷ് പിന്നോട്ടുമാറി.
''അല്ലേല് എന്നെയങ്ങ് കൊല്ല് സാറേ..."
അത് പറഞ്ഞപ്പോൾ അണലിയുടെ കഴുത്തിനടിയിൽ നിന്ന് കൊഴുത്ത ചോര പുറത്തേക്കു ചീറ്റി.
എന്തുചെയ്യണമെന്ന് അറിയില്ല പ്രജീഷിന്.
ഇത്തരം ഒരു രംഗം തൊട്ടരുകിൽ ആദ്യം.
പാഞ്ചാലിയാണെങ്കിൽ തീ പിടിച്ചു കഴിഞ്ഞപ്പോൾ വെള്ളത്തിലേക്കു വീണിരുന്നു.
അയാൾ ചന്ദ്രകലയ്ക്കരുകിൽ ഓടിയെത്തി.
''എന്തുചെയ്യും നമ്മൾ?"
''ആശുപത്രിയിൽ കൊണ്ടുപോയാലോ...." അവൾ വിക്കി.
''അത് നടക്കത്തില്ല. വലിച്ചുയർത്തിയാൽ കയ്യോ കാലോ ഊരിപ്പോരും..."
''ഹോ..." ചന്ദ്രകല കാതുകൾ പൊത്തി. വിളിക്ക് പരുന്തിനെ അവൻ വരട്ടെ."
പ്രജീഷ് ഫോണെടുക്കാനായി മുറിയിലേക്കോടി.
വിളിച്ചപ്പോൾ പരുന്തിന്റെ ഫോൺ സ്വിച്ചോഫ്!
ഒരു ഭ്രാന്തനെപ്പോലെ അയാൾ തിരിച്ചോടിവന്നു.
''രക്ഷപ്പെടാൻ ഇനി ഒറ്റ വഴിയേ ഉള്ളൂ കലേ..."
അത് എന്തെന്നറിയാൻ അവൾ അയാളെ തുറിച്ചുനോക്കി.
(തുടരും)