ന്യൂഡൽഹി: "നിങ്ങൾ ചൊവ്വയിൽ കുടുങ്ങിപ്പോയാലും അവിടുത്തെ ഇന്ത്യൻ എംബസി സഹായത്തിനുണ്ടാകും!’– സുഷമയുടെ വാക്കുകളാണിത്. അത് വെറുംവാക്കായിരുന്നില്ല. സുഷമ സ്വരാജ് എന്ന മുൻ വിദേശകാര്യ മന്ത്രിയുടെ ഉറപ്പായിരുന്നു. വാക്കിലും നോക്കിലും തീപ്പൊരിയായിരുന്ന ബി.ജെ.പിയുടെ ജനകീയമുഖമായ സുഷമ സ്വരാജിന്റെ മരണവാർത്ത അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രീയ ലോകം തന്നെ ഞെട്ടലോടെയാണ് ഈ വാർത്തയറിഞ്ഞത്. വൈകീട്ട് ഏഴ് മണിവരെ ട്വിറ്ററിൽ സജീവമായിരുന്ന സുഷമയുടെ മരണ വാർത്ത ഏറെ ദുഃഖത്തിലാഴ്ത്തിയത് ഭർത്താവായ സ്വരാജ് കൗശലിനെയാണ്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന് സുഷമയുടെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് കൗശൽ സ്വീകരിച്ചത്. ഈ തീരുമാനത്തെ പ്രശംസിക്കുകയും ചെയ്തു. "ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന തീരുമാനത്തിന് വളരെ നന്ദി. ഈ അവസരത്തിൽ അത്‌ലറ്റ് മിൽഖ സിംഗ് പോലും മത്സരം നിറുത്തിയത് ഞാൻ ഓർക്കുന്നു. ഇങ്ങനെയായിരുന്നു കൗശൽ അന്ന് ട്വീറ്റിൽ കുറിച്ചത്.
"1977 മുതൽ രാഷ്ട്രീയത്തിൽ എത്തി. 41 വർഷം സജീവം.11 തവണ നേരിട്ട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. അങ്ങനെ 1977 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സുഷമ മത്സരിച്ചു.1991ലും 2004 ലും പാർട്ടി സമ്മതം നൽകാതിരുന്നതിനാൽ മത്സരിച്ചില്ല. 1990-1993 കാലഘട്ടത്തിൽ മിസോറാം ഗവർണറായും നാല് തവണ ലോക്സഭയിലും മൂന്ന് തവണ സുഷമ രാജ്യസഭയിലുമെത്തി. 25 വയസു മുതൽ രാഷ്ട്രീയത്തിൽ നിറസാന്നിദ്ധ്യം.
"ശരിക്കും ഒരു മാരത്തൺ പോലെ തന്നെയാണ്. മാഡം, കഴിഞ്ഞ 45 വർഷവും ഞാൻ നിങ്ങളുടെ പിന്നാലെത്തന്നെയായിരുന്നു. ഞാനിപ്പോൾ 19 വയസുകാരനല്ല. ഇപ്പോൾ പിറകെ ഓടുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു"-കൗശലിന്റെ വാക്കുകളാണിത്. എന്നാലും സുഷമയ്ക്ക് ഒപ്പം നിന്ന് എല്ലാ പിന്തുണയും കൗശൽ നൽകിയിരുന്നു.
2018ൽ മുസ്ലീംദമ്പതികൾക്ക് പാസ്പോർട്ടെടുക്കാൻ സഹായിച്ചതിന് സുഷമയ്‌ക്ക് നേരെ സെെബർ ആക്രമണം നടന്നിരുന്നു. ഇന്റർനെറ്റ് ട്രോളുകളുടെ നിരതന്നെയായിരുന്നു. ഇതിൽ സ്വരാജ് കൗശൽ ശക്തമായി പ്രതികരിച്ചിരുന്നു.
സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും. എയിംസിൽ നിന്ന് പുലർച്ചെയോടെ ഭൗതികശരീരം ഡൽഹിയിലെ വസതിയിലെത്തിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പേർ ഡൽഹിയിലെ വസതിയിൽ ആദരാഞ്ജലി അർപ്പിക്കാനെത്തി. ബുധനാഴ്ച ഉച്ചവരെ ഭൗതികശരീരം ഇവിടെ പൊതുദർശനത്തിനുവെയ്ക്കും. ശേഷം ഡൽ ഹിയിലെ ബി.ജെ.പി. ആസ്ഥാനത്തും പൊതുദർശനത്തിന് സൗകര്യമുണ്ടാകും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് മൂന്നുമണി വരെയാണ് ബി.ജെ.പി. ആസ്ഥാനത്തെ പൊതുദർശനം. ഇതിനുശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ ലോധി ശ്മശാനത്തിൽ സംസ്‌കരിക്കും.