hareesh-salve

ന്യൂഡൽഹി: ഇന്ത്യയുടെ പ്രിയ നേതാവിന്റെ വേർപാട് ഏറെ ദുഖത്തോടെയാണ് രാജ്യം കേട്ടറിഞ്ഞത്. മരണ വാർത്ത പുറത്തുവന്നതോടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവർ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. സുപ്രീം കോടതിയിലെ ഏറ്റവും പ്രശസ്‌തരായ അഭിഭാഷകരിൽ ഒരാളും കുൽഭൂഷൺ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഹാജരായ ഹരീഷ് സാൽവെയും സുഷമാ സ്വരാജിന് അനുശോചനം രേഖപ്പെടുത്തി. മരിക്കുന്നതിന് തൊട്ടുമുമ്പ് സുഷമാ സ്വരാജുമായി താൻ സംസാരിച്ചെന്നും ബുധനാഴ്ച ആറ് മണിക്ക് മുമ്പ് തന്നെ വന്ന് കാണണമെന്ന് അവർ പറഞ്ഞിരുന്നെന്നും ഹരീഷ് സാൽവെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഇന്നലെ രാത്രി 8.50ന് ഞാൻ അവരോട് സംസാരിച്ചിരുന്നു. വളരെ വൈകാരികമായ ഒരു സംഭാഷണമായിരുന്നു അത്. തന്നെ വന്ന് കാണണമെന്നും കുൽഭൂഷൺ കേസിൽ ഹാജരായതിന്റെ പ്രതിഫലമായ ഒരു രൂപ നിങ്ങൾക്ക് തരേണ്ടതുണ്ടെന്നും പറഞ്ഞു'. ഇതിന് മറുപടിയുമായി ഞാൻ പറഞ്ഞത് ഇങ്ങനെ, 'തീർ‌ച്ചയായും വരാം, ആ അമൂല്യ പ്രതിഫലം വാങ്ങാൻ ഞാൻ വരും. ഇന്ന് ആറ് മണിക്കായിരുന്നു വരാൻ പറഞ്ഞത്'- ഹരീഷ് സാൽവെ പറഞ്ഞു.

കുൽഭൂഷൺ ജാദവിന് വേണ്ടി നെതർലാൻഡ്സിലെ ഹേഗിലുള്ള ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിൽ ഹരീഷ് സാൽവെ ഹാജരായത് വെറും ഒരു രൂപ പ്രതിഫലം വാങ്ങിച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ഫീസിൽ വരുന്ന മറ്റേത് വക്കീലുണ്ടെന്ന് സുഷമ അന്ന് പറഞ്ഞിരുന്നു.

Not fair. #HarishSalve has charged us Rs.1/- as his fee for this case. https://t.co/Eyl3vQScrs

— Sushma Swaraj (@SushmaSwaraj) May 15, 2017