kidnap

തൃശൂർ: യുവ സംവിധായകൻ നിഷാദ് ഹസനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതായി പരാതി. ഇന്ന് പുലർച്ചെ തൃശൂർ പാവറട്ടിയിൽ ആയിരുന്നു സംഭവം. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് നിഷാദ്. സംഭവത്തിൽ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്‌തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഭാര്യയുമായി ഗുരുവായൂർക്ക് പോവുമ്പോഴായിരുന്നു ആക്രമണം. അക്രമികളുടെ മർദ്ദനത്തിൽ ഭാര്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അമലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിഷാദും ഭാര്യയും, പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. മർദ്ദിച്ചു അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറിൽ കയറ്റിക്കൊണ്ടു പോയി. സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്. സംഭവത്തിന് പിന്നിൽ മുൻ നിർമ്മാതാവ് സി.ആർ രൺദേവ് ആണെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറയുന്നു. മാസ്‌ക്ക് ധരിച്ച മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഭാര്യ കൂട്ടിച്ചേർത്തു.