ചെങ്ങന്നൂർ: വീട്ടിലെ പൈപ്പിൽ നിന്ന് അപൂർവ ഇനം ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. ഗവ.ജെ.ബി.എസ് അദ്ധ്യാപിക ചന്ദനപ്പള്ളിയിൽ നീന രാജന്റെ വീട്ടിലെ കിണറ്റിൽ നിന്ന് മത്സ്യത്തെ ലഭിച്ചത്. കിണറ്റിലുണ്ടായിരുന്നു മത്സ്യം ടാപ്പിലൂടെ പുറത്തെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് വീട്ടുടമ ഫിഷറിസ് വകുപ്പിനെ അറിയിച്ചു.
ഹൊറഗ്ലാനിസ് ജനുസ്സിൽപ്പെട്ട ഭൂഗർഭ മത്സ്യമാണെന്നാണു പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ നടത്തിയാലോ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തമാകൂ. ചുവന്ന നിറത്തിലുള്ള മത്സ്യത്തിന്റെ മുതുകിൽ എഴുന്നു നിൽക്കുന്ന ചിറകുകളുണ്ട്. കാഴ്ചയില്ലാത്ത മത്സ്യം ഭൂമിയുടെ ഉള്ളറകളിൽ ശുദ്ധജലം നിറഞ്ഞ സ്ഥലങ്ങളിലാകും ജീവിക്കുകയെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.അതേസമയം, ആഴമേറിയ കിണറുകളിലും ഇവ എത്താൻ സാദ്ധ്യതയുണ്ട്.
പ്രളയം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട സ്ഥലത്താണ് മത്സ്യത്തെ കണ്ടെത്തിയത്. പ്രളയത്തെ തുടർന്ന് മാറ്റം സംഭവിച്ച ആവാസ വ്യവസ്ഥയിൽ പുറത്തെത്തിയതാകാമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് തിരുവല്ലയിൽ വരാൽ ഇനത്തിൽപ്പെട്ട അപൂർവ ഇനം ഭൂഗർഭമത്സ്യത്തെ കണ്ടെത്തിയിരുന്നു.