കൊൽക്കത്ത: ഇരട്ടപ്പദവി വഹിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) തലവനുമായ രാഹുൽ ദ്രാവിഡിനെതിരെ ബി.സി.സി.ഐ നോട്ടീസയച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.
"ഇത് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഫാഷനാണ്. വിരുദ്ധ താൽപര്യങ്ങളാണ് ഫാഷൻ. വാർത്തകളിൽ ഇടം പിടിക്കാനുള്ള നല്ല വഴിയാണിത്. ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെ."-അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ഓംബുഡ്‌സ്മാനും എത്തിക്‌സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്‌ൻ ദ്രാവിഡിന് നോട്ടീസയച്ചത്. നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് ഇതിന് കാരണം. മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നൽകിയ പരാതിയെത്തുടർന്നാണ് ഡി.കെ ജെയ്ൻ ദ്രാവിഡിനോട് വിശദീകരണം തേടിയത്.
ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർകിംഗ്സിന്റെ ഉടമകളാണ് ഇന്ത്യ സിമന്റ്സ്. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് ദ്രാവിഡിനോട് നിർദേശിച്ചിരിക്കുന്നതെന്നും ആഗസ്റ്റ് 16നകം അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ഡി.കെ ജെയ്ൻ പറഞ്ഞു. നേരത്തെ സച്ചിൻ ടെൻഡുൽക്കർക്കും വി.വി.എസ് ലക്ഷ്മണും എതിരെ ഇതേ വിഷയത്തിൽ ഡി.കെ ജെയ്ൻ നോട്ടീസ് അയച്ചിരുന്നു.
New fashion in indian cricket .....conflict of interest ....Best way to remain in news ...god help indian cricket ......Dravid Gets Conflict of Interest Notice from BCCI Ethics Officer https://t.co/3cD6hc6vsv.
— Sourav Ganguly (@SGanguly99) August 6, 2019