sushama-swaraj

സുഷമ സ്വരാജ് എന്ന മുൻ വിദേശകാര്യ മന്ത്രിയുടെ മരണവാർത്ത അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രീയ ലോകം തന്നെ ഞെട്ടലോടെയാണ് ഈ വാർത്തയറിഞ്ഞത്. ഇറാഖിൽ കുടുങ്ങിയ നഴ്സുമാർക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ സുഷമ സ്വരാജിന്റെ ജനപ്രിയത കൂടി. നഴ്സുമാർ അന്ന് അനുഭവിച്ച വേദന ടേക്ക് ഓഫിലൂടെ വെള്ളിത്തിരയിലുമെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ താങ്ക്സ് കാർഡിൽ പേരുൾപ്പെടുത്താനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിളിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റോ ജോസഫ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
'ടേക്ക് ഓഫ്' സിനിമ പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയായിരുന്നു. ഇറാഖിൽ തീവ്രവാദികളുടെ പിടിയിലകപ്പെട്ടു പോയ മലയാളി നഴ്‌സുമാരെ മോചിപ്പിച്ച് ഇന്ത്യയിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിന്റെ പേര് സിനിമയ്ക്കു മുമ്പ് കാണിക്കുന്ന താങ്ക്‌സ് കാർഡിൽ ഉൾപ്പെടുത്തണമെന്ന് തോന്നി. അദേഹത്തെ വിളിച്ച് അനുവാദം ചോദിച്ചു. മറുപടി ഇങ്ങനെയായിരുന്നു 'എന്റെ പേര് വയ്ക്കുന്നതിൽ കുഴപ്പമില്ല, പക്ഷെ ആദ്യം നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പേരാണ് വയ്‌ക്കേണ്ടത്. അതിനു താഴെയേ എന്റെ പേര് വരാവൂ'.

'എനിക്ക് അദ്ഭുതം തോന്നി, എതിർ പാർട്ടിക്കാരിയായ കേന്ദ്ര മന്ത്രിയുടെ പേര് ആദ്യം വരണമെന്ന് ഉമ്മൻചാണ്ടി സർ വാശിപിടിക്കുന്നത് എന്തിനാണ് ? തിരക്കിയപ്പോൾ അതിനുള്ള കാരണം അദ്ദേഹം പറഞ്ഞുതന്നു. നമ്മുടെ നഴ്‌സുമാരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് സുഷമാ സ്വരാജിന്റെ കഠിന പ്രയത്‌നം മൂലമായിരുന്നു.

നഴ്‌സുമാരുടെ മോചനത്തിനായി പരിശ്രമിക്കുന്നതിന് ഉമ്മൻചാണ്ടി സർ ഡൽഹിയിൽ ചെന്നതു തൊട്ട് ഒപ്പം നിന്ന് കാര്യങ്ങൾ നടത്തിക്കൊടുത്തത് അവരായിരുന്നു. അവരുടെ സഹായം ഇല്ലായിരുന്നെങ്കിൽ നഴ്‌സുമാരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയില്ലായിരുന്നു.'

'മോചനം ഉറപ്പാക്കിയ ശേഷം നഴ്‌സുമാരെ ഇറാഖിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും പ്രത്യേക വിമാനത്തിൽ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നഴ്‌സുമാർക്കു വേണ്ടിയുള്ള വിമാനം ഇറാഖിൽ ഇറങ്ങേണ്ടതിന്റെ തലേ ദിവസമാണ് മറ്റൊരു വിവരം ലഭിക്കുന്നത്. പ്രത്യേക വിമാനത്തിന് അവിടെ ഇറങ്ങാൻ അനുമതിയായിട്ടില്ലെന്ന്. അതറിഞ്ഞപ്പോൾ ഉമ്മൻചാണ്ടി സർ ആകെ പരിഭ്രാന്തനായി.'

'കാരണം, അടുത്ത ദിവസം നഴ്‌സുമാർ നെടുമ്പാശ്ശേരിയെത്തുമെന്നുള്ളത് അവരുടെ ബന്ധുക്കളുൾപ്പെടെ എല്ലാവരെയും അറിയിച്ചു കഴിഞ്ഞിരുന്നു. അവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവരെ സ്വീകരിക്കാൻ കൊച്ചിയിൽ എത്തിക്കഴിഞ്ഞിരുന്നു. ഗത്യന്തരമില്ലാതെ അർദ്ധരാത്രി ഒന്നര മണിക്ക് സുഷമ സ്വരാജിനെ വിളിച്ചു.

ആ സമയത്തു പോലും അവർ ഫോൺ അറ്റൻഡ് ചെയ്തു. ഒട്ടും ഭയക്കേണ്ട, നേരത്തെ നിശ്ചയിച്ച സമയത്തുതന്നെ നഴ്‌സുമാർ കൊച്ചിയിൽ ഇറങ്ങിയിരിക്കും. അതങ്ങനെ തന്നെ സംഭവിച്ചു. സുഷമാ സ്വരാജിന്റെ ഇടപെടൽ കൊണ്ട് നമ്മുടെ നഴ്‌സുമാർ കൃത്യ സമയത്തുതന്നെ കൊച്ചിയിലെത്തി.'

'അർദ്ധരാത്രിയിലും സ്വന്തം ജനതയുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച നമ്മുടെ പ്രിയ നേതാവ് യാത്രയായിരിക്കുന്നു. എന്റെയും ടേക്ക് ഓഫ് ടീമിന്റെയും ഹൃദയത്തിൽ നിന്ന് ആയിരം ആദരാഞ്ജലികൾ.'–ആന്റോ ജോസഫ് പറഞ്ഞു.'