കൊച്ചി : സർവകാല റിക്കാഡുകളും ഭേദിച്ച് സ്വർണത്തിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്ന് മാത്രം പവന് 400 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ സ്വർണം ഒരു പവന് 27,200 ലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും നാനൂറ് രൂപ വർദ്ധിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം സ്വർണവില 1600 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. സ്വർണവില വർദ്ധനവ് മലയാളിയുടെ കണക്ക്കൂട്ടലുകൾ തെറ്റിച്ചാണ് മുന്നേറുന്നത്. ചിങ്ങം പിറക്കുന്നതോടെ കല്യാണ ആവശ്യങ്ങൾക്കായി വൻ തോതിൽ കേരളത്തിൽ ഡിമാന്റ് ഉയരും. എന്നാൽ സുരക്ഷിതമായ നിക്ഷേപമാർഗമെന്ന നിലയിൽ സ്വർണം വാങ്ങി സൂക്ഷിക്കുന്നവർ സന്തോഷത്തിലാണ്. നിലവിലെ ട്രെൻഡ് തുടരും സ്വർണം പവൻ വില ഇനിയും ഉയരുമെന്നാണ് കണക്ക്കൂട്ടുന്നത്.
വില കുതിച്ചുയരുന്നതിനാൽ സംസ്ഥാനത്ത് വില്പന മന്ദഗതിയിലാണ്. പ്രതിദിന വില്പന 50 ശതമാനം വരെ കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു.
മുന്നേറ്റത്തിന് പിന്നിൽ കാരണങ്ങൾ പലത്
ഡിമാൻഡ് കൂടിയതോടെ, അന്താരാഷ്ട്ര സ്വർണവില ഔൺസിന് ആറുവർഷത്തെ ഉയരമായ 1,467 ഡോളറിലെത്തി. ഇതാണ്, ഇന്ത്യയിലും പ്രതിഫലിക്കുന്നത്.