crime

മാദ്ധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കട്ടരാമന് ജാമ്യം ലഭിക്കാൻ വേണ്ടി പൊലീസ് ഒത്തുകളിച്ചത് കഴിഞ്ഞ ദിവസം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പൊലീസിന്റെ കള്ളക്കളികൾ ഹൈക്കോടതിയിലും തുടരുമെന്ന് ഉറപ്പാണ്. അതേസമയം, ശ്രീറാം വെങ്കട്ടരാമനെതിരെ സഹയാത്രികയായ വഫാ ഫിറോസ് നൽകിയ മൊഴി തെളിവായി സ്വീകരിക്കാത്തതിനെതിരെ നടൻ ഹരീഷ് പേരടി രംഗത്തെത്തി. നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെ അറസ്‌റ്റ് ചെയ്‌ത സംഭവം ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്കിലൂടെ പേരടിയുടെ വിമർശനം.

'കൂടെ യാത്ര ചെയ്ത വഫ പറയുന്നു ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന്.... ദൃക്‌സാക്ഷികൾ പറയുന്നു അയാളുടെ കാല് നിലത്തുറക്കുന്നില്ല എന്ന്. അത് ഒരു തെളിവേ അല്ല. ക്രിമിനലായ പൾസർ സുനി പറയുന്നു ദിലീപാണ് കുറ്റക്കാരൻ എന്ന്. അത് 84 ദിവസം ഒരു മനുഷ്യനെ ജയിലിൽ ഇടാൻ പറ്റിയ ഒന്നാന്തരം തെളിവാണ്. ഐ.എ.എസുകാരന്റെ 370 എംഎല്ലും സാധാരണക്കാരന്റെ 370 എംഎല്ലും ഒക്കെ എന്നാണ് ഒന്നാവുക.' ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.