kaumudy-news-headlines

1. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചതിന് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, ശ്രീംറാം വെങ്കിട്ടരാമന് തീവ്രവിചാരണ വിഭാഗത്തില്‍ തുടരും. ആന്തരിക പരിശോധന ഫലങ്ങള്‍ ഇനിയും ലഭിക്കാന്‍ ഉണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്.


2. തീവ്രവിചാരണ വിഭാഗത്തില്‍ നിന്നോ ആശുപത്രിയില്‍ നിന്നോ മാറ്റുന്ന കാര്യത്തില്‍ തീരുമാനം അടുത്ത മെഡിക്കല്‍ യോഗത്തില്‍. ശ്രീറാം മദ്യപിച്ചിട്ടുണ്ട് എന്ന് എങ്ങനെ കണ്ടെത്തി എന്ന് ചോദിച്ച കോടതി, രക്ത പരിശോധനാ ഫലം ഹാജരാക്കണം എന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് അന്വേഷണ സംഘം നല്‍കിയ തെളിവുകള്‍ പരിശോധിച്ച കോടതി ശ്രീറാമിന് ജാമ്യം അനുവദിക്കുക ആയിരുന്നു. മദ്യം കഴിച്ചോ എന്ന് ഉറപ്പിക്കാന്‍ ഉള്ള രക്തപരിശോധന പൊലീസ് മനപൂര്‍വ്വം വൈകിച്ചു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
3. യുവ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടി കൊണ്ടപോയതായി പരാതി. തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടപോയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്നു നിഷാദ് ഹസന്‍. വിപ്ലവം ജയിക്കാനുള്ളത് ആണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി
4. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയത് എഫ്.സി.സി സന്യാസി സമൂഹത്തില്‍ നിന്ന്. സുപ്പീരിയര്‍ ജനറലാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. സഭാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി എന്ന് വിശദീകരണം. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ആയിരുന്നു തീരുമാനം. പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടും എന്ന് സിസ്റ്റര്‍ ലൂസി. 10 ദിവസിത്തിനകം മഠം ഒഴിഞ്ഞ് പോകാന്‍ ആണ് ഉത്തരവ് എന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
5. കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാര്‍ വാങ്ങി, ശമ്പളം മഠത്തിലേക്ക് നല്‍കിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യ ചിലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങള്‍ ആണ് ലൂസി കളപ്പുരയ്ക്ക് എതിരെ സഭ ഉന്നയിച്ചത്.
6. സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കന്‍ കേരളത്തോടൊപ്പം ഇടുക്കി ജില്ലയിലും മഴ ശക്തമായി. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും.
7. അതേസമയം കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും. പെരിയാര്‍, തൊടുപുഴയാര്‍, മുവാറ്റുപുഴയാര്‍ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം എന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത ഉളളതിനാല്‍ മലയോര മേഖലകളിലുളളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
8. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നിവയാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കും.