tej-

പാറ്റ്ന: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഇളയമകനും ബീഹാർ മുൻ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ ഐശ്വര്യ റായി രംഗത്ത്. ഭർത്താവുമായുള്ള വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട് കോടതിയിലാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്നും വിചിത്ര സ്വഭാവക്കാരനാണെന്നും ഐശ്വര്യ വെളിപ്പെടുത്തി. വിവാഹത്തിന് ശേഷം അദ്ദേഹം മയക്കുമരുന്നിന് അടിമായാണെന്ന് മനസിലായെന്നും ഐശ്വര്യ വ്യക്തമാക്കി.

വിവാഹത്തിന് ശേഷം സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ കൃഷ്ണനെ പോലെയും മറ്റുചിലപ്പോൾ ശിവനെപോലെയും വേഷം ധരിക്കും. ദൈവങ്ങളുടെ വേഷം ധരിക്കുന്നത് മാത്രമല്ലാതെ, ചിലപ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചാൽ പാവാടയും ബ്ലൗസും ധരിക്കുകയും നീളമുള്ള കൃത്രിമ മുടിയും ചമയങ്ങളും അണിഞ്ഞ് രാധയായി വേഷം മാറുകയും ചെയ്യും ഐശ്വര്യ കോടതിയിൽ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം കുറക്കണമെന്ന് തേജ് പ്രതാപിനോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറാവിന്നില്ല. കഞ്ചാവ് ഭഗവാൻ ശിവന്റെ പ്രസാദമാണെന്നും അത് ഉപയോഗിക്കരുതെന്ന് പറയാൻ പാടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. അതേസമയം, തേജ് പ്രതാപിന്റെ ലഹരി ഉപയോഗം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും സഹോദരിമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ അവർ സ്വഭാവം മാറുമെന്ന് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ കോടതിയിൽ പറഞ്ഞു. 2018 മേയിലാണ് തേജ് പ്രതാപും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസത്തിനു ശേഷം പാറ്റ്നയിലെ കോടതിയിൽ വിവാഹ മോചന ഹർജി നൽകി.