കാലത്തിന്റെ ചുവരെഴുത്തുകൾ തിരിച്ചറിയുകയാണ് എ.ഐ.എസ്.എഫിന്റെ പുതിയ സംസ്ഥാന നേതൃത്വം. കോൺഗ്രസുകാർ പോലും ബി.ജെ.പിയിൽ ചേരുകയും ബി.ജെ.പി നേതൃത്വവും കേന്ദ്ര സർക്കാരും ഫാസിസ്റ്റ് നിലപാടുകൾ കൈക്കൊള്ളുകയും ചെയ്യുമ്പോൾ ഇടതുപക്ഷ പാർട്ടികൾ പരസ്പരം പോരടിച്ച് എതിരാളികൾക്ക് വഴിയൊരുക്കരുതെന്നാണ് എ.ഐ.എസ്. എഫ് പറയുന്നത്.
പശ്ചിമ ബംഗാളിന്റെയും ത്രിപുരയുടെയും അനുഭവം മുന്നിലുള്ളപ്പോൾ കേരളത്തെ ഇനി ഒരു ത്രിപുരയാക്കാൻ അനുവദിക്കരുതെന്നാണ് എ.ഐ.എസ്. എഫിന്റെ തിരിച്ചറിയൽ . തലസ്ഥാന നഗരിയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട അരുൺ ബാബു എ.ഐ.എസ്.എഫിന്റെ നിലപാട് വ്യക്തമാക്കുകയാണ്.
കാമ്പസുകളിലെ എസ്. എഫ്.ഐ - എ.ഐ.എസ് എഫ് തർക്കങ്ങൾ രമ്യമായി പരിഹരിക്കാനാണ് സി.പി.എം- സി.പി.ഐ പാർട്ടികളുടെ തീരുമാനം. ഇരുപാർട്ടി സെക്രട്ടറിമാരും ഇരുസംഘടനാ നേതാക്കളും ഒരുമിച്ചിരുന്നു. മേൽതട്ടിൽ യോജിപ്പുകളുണ്ടായിട്ടുണ്ട്. ഇനി അത് താഴേക്കെത്തിക്കണം. തങ്ങളുടെ അഭിപ്രായ വ്യത്യാസം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ക്ഷീണമാവരുത് എന്നതാണ് തങ്ങളുടെ സമീപനം. യൂണിവേഴ്സിറ്രി കോളേജിൽ എസ്.എഫ് ഐ എടുത്ത തെറ്റുതിരുത്തൽ നിലപാടിനെ എ.ഐ.എസ്.എഫ് സ്വാഗതം ചെയ്യുന്നുവെന്ന് അരുൺ ബാബു പറഞ്ഞു. നല്ല മാതൃകയാണത്. താനും എ.ഐ.എസ് എഫ് മുൻ സെക്രട്ടറിയും എസ്. എഫ്.ഐക്കാരുടെ ക്രൂരമായ മർദ്ദനത്തിനിരയായവരാണ്. എസ്.എഫ് .ഐ യുടെ ഏക സംഘടനാ വാദത്തെ തങ്ങളെതിർത്തിട്ടുണ്ട്. എതിർപ്പ് പലപ്പോഴും പരസ്യമായി പ്രകടിപ്പിക്കേണ്ടി വന്നതാണെങ്കിലും ഇടതുപക്ഷത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഈ നിലപാട് കൊണ്ട് തത്കാലം പ്രചാരണം കിട്ടുമെന്നല്ലാതെ ഗുണം തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്ക് മാത്രമാണെന്ന് എ.ഐ.എസ് എഫ് തിരിച്ചറിയുന്നു. ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുന്നതൊന്നും തങ്ങൾ ചെയ്യില്ല. അതേ സമയം ഇതേ നിലപാട് എസ്. എഫ്.ഐയും കൈക്കൊള്ളണം. വ്യക്തമായ രാഷ്ട്രീയമില്ലാത്തവർ അവരുടെ കൂട്ടത്തിലുണ്ട്. അവർക്ക് വേണ്ടിയാണ് പലപ്പോഴും അക്രമം നടത്തുന്നത്.
എറണാകുളം ജില്ലയിലെപ്രശ്നങ്ങളും പരിഹരിച്ചു വരികയാണ് ..ഡി.ഐ ജി ഓഫീസ് മാർച്ചിൽ പങ്കെടുത്ത തങ്ങളുടെ നേതാക്കൾക്ക് നേരെ മർദ്ദനം നടത്തിയതിൽ അണികൾക്ക് വ്യാപകമായ എതിർപ്പുണ്ട്. അതുകൂടി നേതൃത്വത്തിന് കണക്കിലെടുക്കേണ്ടിവരും.
വിദ്യാർഥി സൗഹൃദമായ കലാലയം ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. കഥയും കവിതയും പൂക്കുന്ന കലാലയങ്ങളാണ് വേണ്ടത്. അവിടെ അക്രമമല്ല ആശയ സംവാദമാണ് വേണ്ടത്. വിദ്യാർത്ഥികളുടെ മനസ്സിലേക്കിറങ്ങുകയാണ് വേണ്ടത്.
അതേ സമയം പി.എസ്. സി പരീക്ഷാ ക്രമക്കേട് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കടുത്ത നടപടി സ്വീകരിക്കണം. പി.എസ്. സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കണെന്നും അരുൺ ബാബു പറയുന്നു,
തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്ടെ തികച്ചും സാധാരണ കർഷക തൊഴിലാളി കുടുബത്തിൽ നിന്നാണ് അരുൺ ബാബു വളർന്നുവന്നത്. ആനാട് സ്കൂളിൽ വച്ചാണ് എ.ഐ. എസ്. എഫുമായി ബന്ധപ്പെടുന്നത്. പിന്നീട് പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ നിന്ന് മാത്‌സിൽ ബി.എസ്. സി ബിരുദവും നേടി. ഇപ്പോൾ ബാംഗ്ലൂരിൽ നിയമ വിദ്യാർത്ഥിയാണ്. കോളേജിൽ പഠിക്കുമ്പാൾ ദാരിദ്യത്തെ മറിടക്കാൻ അതിരാവിലെ കേരള കൗമുദി പത്രം വിതരണം ചെയ്താണ് തന്റെ ആവശ്യങ്ങളൊക്കെ നിർവഹിച്ചിരുന്നതെന്ന് അരുൺബാബു പറയുന്നു.