തിരുവനന്തപുരം: യൂണിവേഴ്സിറ്റി അക്രമ കേസിലെ മുൻ എസ്.എഫ് ഐക്കാരായ പ്രധാന പ്രതികൾ കള്ളത്തരം കാണിച്ച് പി.എസ്.സി പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത് തെളിവ് സഹിതം ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ 15,000 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് തൽക്കാലം മരവിപ്പിക്കാനും പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് സമഗ്രമായ പൊലീസ് അന്വേഷണം നടത്താനും പി.എസ്.സി തീരുമാനിച്ചു. എന്നാൽ വിരലിൽ എണ്ണാവുന്ന ചിലരുടെ വക്രബുദ്ധികാരണം ഭാവി ഇരുളിലാവുന്നത് ജീവിത സാഹചര്യങ്ങളോട് കഷ്ടപ്പെട്ട് മല്ലിടിച്ച് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയവരാണ്.
അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഇന്ന് പൊലീസ് മേധാവിക്ക് കൈമാറുമെന്ന് ചെയർമാൻ എം.കെ.സക്കീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. അന്വേഷണറിപ്പോർട്ട് വരുന്നതുവരെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തില്ല. തുടക്കത്തിൽ തന്നെ 6000പേർക്ക് ജോലി കിട്ടാൻ സാദ്ധ്യത ഉണ്ടായിരുന്ന ലിസ്റ്റാണ് ഇതോടെ മൃതാവസ്ഥയിലായത്. പരീക്ഷാ തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വേണ്ടിയാണ് അന്വേഷണ തുടരുന്നത്. മുൻ എസ്.എഫ്.ഐ പ്രവർത്തകരായ ശിവരഞ്ചിത്തിനും പ്രണവിനും ഒന്നും രണ്ടും റാങ്കുകളാണ് ഉണ്ടായിരുന്നത്. ഇവർ ലിസ്റ്റിൽ നിന്നും പുറത്താവുന്നതോടെ കണ്ണൂർ പടിയൂർ സ്വദേശിയായ എം. അമൽ എഴുത്തുപരീക്ഷയിൽ ഒന്നാംസ്ഥാനത്തെത്തി.
പി.എസ്.സി പരീക്ഷകൾക്കായുള്ള കോച്ചിംഗിന് ചേരുവാനുള്ള തുക കൂലിപ്പണിയിലൂടെയാണ് അമൽ സ്വരൂപിച്ചത്. ബികോം പരീക്ഷ പാസാശേഷം ഒരുവർഷം കൂലിപ്പണിയെടുത്താണ് പി.എസ്.സി പഠനം നടത്തിയത്. തലശ്ശേരിയിൽ മിൽമ ബൂത്ത് നടത്തുന്ന ചെമ്മഞ്ചേരി പ്രകാശന്റെയും ഓമനയുടെയും മകനാണ്. എന്നാൽ യൂണിവേഴ്സിറ്റി കോളേജിലെ ശിവരഞ്ജിത്തിനെയും പ്രണവിനെയും പരീക്ഷയിൽ ക്രമക്കേട് നടത്തിയത് തെളിഞ്ഞതോടെ ലിസ്റ്റിൽ ആദ്യമെത്തിയ നൂറോളം പേരുടെ മൊബൈൽ വിവരങ്ങളടക്കം വിശദമായി പരിശോധിക്കാൻ പി.എസ്.സി തീരുമാനിച്ചിരുന്നു. ആറ്റുനോറ്റ് കിട്ടിയ സർക്കാർ ജോലി കിട്ടാൻ ഏറെ കാത്തിരിക്കേണ്ട അവസ്ഥയിലായിരിക്കുകയാണ് അമലിനെ പോലുള്ള മിടുക്കൻമാരിപ്പോൾ.