മുംബയ്: തുടർച്ചയായി നാലാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. 0.35 ശതമാനമാണ് ഇത്തവണ കുറച്ചിരിക്കുന്നത്. ഇതോടെ 5.75 ശതമാനത്തിൽ നിന്ന് 5.40 ശതമാനമായി റിപ്പോ. അതേസമയം, റിവേഴ്സ് റിപ്പോ നിരക്കിൽ കുറവില്ല. ഈ വർഷം നാലാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്.
നിരക്ക് കുറച്ചതോടെ വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും. ഇനി മുതൽ ബാങ്കുകൾ, റിസർവ് ബാങ്കിൽനിന്ന് കടമെടുക്കുന്ന പണത്തിന് (റിപ്പോ) 5.40 ശതമാനം പലിശ നൽകിയാൽ മതി. മുമ്പ് ഇത് 5.75 ശതമാനം ആയിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് വിലയിരുത്തലുകൾ. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നിരക്കിലും റിസർവ് ബാങ്ക് ഇളവ് വരുത്തിയിട്ടുണ്ട്. ഏഴ് ശതമാനത്തിൽ നിന്ന് 6.9 ശതമാനമായാണ് ഇത് കുറച്ചിട്ടുള്ളത്.