മലയാളത്തിൽ പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന താരം മെഗാസ്റ്റാർ മമ്മൂട്ടിയാണ്. തെലുങ്കിൽ ആ വിശേഷണത്തിന് അർഹൻ സൂപ്പർസ്റ്റാർ നാഗാർജുനയാണ്. അദ്ദേഹത്തിന്റെ ആരാധകരും ഇത് സമ്മതിച്ച് തരും. എന്നാൽ ഈ പ്രായത്തിൽ കോളേജ് കുമാരനായി അഭിനയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ.
'തീർച്ചയായും ഈ പ്രായത്തിൽ ഇനി ചില കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു കോളേജ് കുമാരനോ ചെറുപ്പക്കാരനോ ആയിട്ട് എനിക്കിപ്പോൾ അഭിനയിക്കാൻ സാധിക്കില്ല. 20,25 വർഷങ്ങൾക്ക് മുമ്പ് ഞാൻ അതൊക്കെ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും പ്രായം കൂടുന്തോറും നമുക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുടെ എണ്ണത്തിൽ കുറവ് വരും. ഇപ്പോൾ അങ്ങനെ വേണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല.'-അദ്ദേഹം പറഞ്ഞു.
രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന മൻമധു 2 എന്ന നാഗാർജുനയുടെ പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രം ആഗസ്റ്റ് 8ന് തീയേറ്ററുകളിലെത്തും.