മനുഷ്യന്റെ അരക്കൊപ്പം പൊക്കമുള്ളതും 1.9 കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നതുമായ ഭീമൻ തത്തയുടെ അവശിഷ്‌ടങ്ങൾ ന്യൂസിലാൻഡിൽ നിന്നും ഗവേഷകർ കണ്ടെത്തി. ശരീരത്തിലെ വിവിധ ഭാഗങ്ങളുടെ അസ്ഥികൾ പരിശോധിച്ചപ്പോഴാണ് എഴുന്നേറ്റ് നിന്നാൽ ഏതാണ്ട് ഒരു മീറ്റർ അല്ലെങ്കിൽ 39 ഇഞ്ച് ഉയരവും ഏഴ് കിലോഗ്രാം തൂക്കവുമുണ്ടെന്ന് കണ്ടെത്തിയത്. വിവിധ രാജ്യങ്ങളിലെ പക്ഷിനിരീക്ഷകർ നടത്തിയ പരിശോധനയുടെ ഫലം ഒരു സയൻസ് ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും വലിപ്പമുണ്ടെങ്കിലും പക്ഷിക്ക് പറക്കാൻ കഴിയുമായിരുന്നെന്നാണ് വിശ്വസിക്കുന്നതെന്ന് കാന്റൺബറി മ്യൂസിയത്തിലെ സീനിയർ ക്യുറേറ്ററായ പോൾ സ്‌കോഫീൽഡ് വ്യക്തമാക്കി.
2008ലാണ് ന്യൂസിലാൻഡിൽ നിന്നും ചില അസ്ഥികൾ കണ്ടെടുത്തത്. എന്നാൽ ഇതെന്താണെന്ന് മനസിലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞിരുന്നില്ല. കഴുകന്റെയോ മറ്റെന്തെങ്കിലും പക്ഷിയുടെയോ അവശിഷ്‌ടമാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് 11 വർഷത്തോളം ഗവേഷണം നടത്തിയതിന് ശേഷമാണ് ഗവേഷകർക്ക് ഇതൊരു ഭീമൻ തത്തയുടെ അവശിഷ്‌ടമാണെന്ന് കണ്ടെത്തിയത്. ഹെറാക്കിൾസ് എന്നാണ് പക്ഷിക്ക് പേര് നൽകിയിരുന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള തത്തയാണിത്. സാധാരണ തത്തകളുടേത് പോലത്തെ ഭക്ഷണരീതികൾ അല്ല ഹെറാക്കിൾസ് പിന്തുടർന്നിരുന്നത്. ന്യൂസിലാൻഡിൽ കണ്ടുവരുന്ന കക്കാപ്പോ ഒന്ന ഒരിനം തത്തയുടെ ഇരട്ടിവലിപ്പമാണ് ഹെരാക്കിൾസിനുള്ളത്. പറക്കാൻ കഴിയാത്ത കക്കാപ്പോയ്‌ക്ക് ആയിരുന്നു ഇതുവരെ ഏറ്റവും വലിയ തത്തയെന്ന വിശേഷണം ഉണ്ടായിരുന്നത്.
പുരാതന കാലത്തെ നിരവധി അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുള്ള ന്യൂസിലാൻഡിലെ സെന്റ് ബതാൻസ് മേഖലയിൽ നിന്നാണ് ഹെരാക്കിൾസിന്റെ ഫോസിലുകൾ ലഭിക്കുന്നത്, ലോകത്ത് എവിടെയും ഇത്രയും വലിപ്പമുള്ള തത്തയെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് നിന്നും ഓരോ വർഷവും വ്യത്യസ്ത തരത്തിലുള്ള ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഇവിടെ ഇനിയും രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. ഇതേപ്രദേശത്ത് നിന്നും അടുത്തിടെ നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമൻ വവ്വാലിന്റെ അവശിഷ്‌ടങ്ങളും ഗവേഷകർക്ക് ലഭിച്ചിരുന്നു. ഇപ്പോഴുള്ള വവ്വാലിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ളതായിരുന്നു ഇത്.