sreeram

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിക്കാനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ എെ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചെന്നും രക്തം പരിശോധിക്കാൻ തയ്യാറായില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അപകടത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകണമെന്ന നിർദ്ദേശം പാലിക്കാത ശ്രീറാം പൊലീസ് അറിയാതെ സ്വന്തം നിലയ്ക്ക് കിംസ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കേസിൽ ഇപ്പോൾ ശ്രീറാമിന് ജാമ്യം അനുവദിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നും സർക്കാർ ഹർജിയിൽ പറയുന്നു.

ശ്രീറാം വെങ്കിട്ടരാമന് ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസട്രേട്ട് മൂന്നാം കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം. അപകടമുണ്ടായപ്പോൾ ശ്രീറാം മദ്യപിച്ചിരുന്നതിന് ഒരു തെളിവും പൊലീസിന്റെ പക്കൽ ഇല്ലെന്നും ഇപ്പോൾ ചികിത്സയാണ് ആവശ്യമെന്നും പ്രതിഭാഗം വാദിച്ചു. മാദ്ധ്യമ വിചാരണയാണ് നടക്കുന്നത്. മരിച്ചത് മാദ്ധ്യമ പ്രവർത്തകൻ ആയതിനാലാണ് മാദ്ധ്യമങ്ങൾ കോലാഹലം ഉണ്ടാക്കുന്നത്. ഇത് സ്വാഭാവികമായ ഒരു അപകടമരണമായതിനാൽ പ്രതി ജാമ്യത്തിന് അർഹനാണെന്ന് പ്രതിഭാഗം വാദിച്ചു.

അതേസമയം, സിവിൽ സർവീസ് ഉദ്യോഗസ്ഥനും സമൂഹത്തിന് മാതൃകയാവേണ്ട ആളുമായ പ്രതിയുടെ വീഴ്ച ഗുരുതരമായി കാണണമെന്ന് പ്രോസിക്യൂട്ടർ ഉമ വാദിച്ചു. എെ.എ.എസ്. ഉദ്യോഗസ്ഥനാണ് കുടിച്ച് ലക്കുകെട്ട് അലക്ഷ്യമായി വാഹനം ഒാടിച്ച് അർദ്ധരാത്രി ഒരാളുടെ ജീവൻ കവർന്നത്. ഈ നിയമലംഘനം കോടതി കാണാതെ പോകരുതെന്നും പ്രോസിക്യൂട്ടർ വാദിച്ചു.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ കുറിച്ച് കൂടുതൽ പറയേണ്ടെന്നും മജിസ്ട്രേട്ട് എടുത്ത രഹസ്യമൊഴി എങ്ങനെ മാദ്ധ്യമങ്ങൾക്ക് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒരു സാധാരണ വാഹനാപകടത്തിൽ കവിഞ്ഞ പ്രത്യേകത വേണമെങ്കിൽ ഡ്രെെവർ മദ്യപിച്ചതായി സ്ഥാപിക്കാനുളള ബാദ്ധ്യത പ്രോസിക്യൂഷന് ഉണ്ടെന്നും കോടതി വ്യക്തമാക്കി.