devaswam-board

കൊച്ചി : പ്രശസ്തമായ ക്ഷേത്രങ്ങളുൾപ്പടെ ആയിരത്തോളം ക്ഷേത്രങ്ങളുടെ നടത്തിപ്പ് അധികാരമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന് സാമ്പത്തിക കണക്കുകൾ ആഡിറ്റ് വകുപ്പിന് നൽകാൻ മടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും 2016-17 കാലയളവിലെ സാമ്പത്തിക കണക്കുകൾ പോലും കൈമാറിയിട്ടില്ല. ഇതേ തുടർന്ന് ആഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് ഹൈക്കോടതി ഇടപെട്ടതോടെ 2016 2017 വർഷത്തെ കണക്കുകൾ നൽകാൻ നാലുമാസത്തെ സമയം വേണമെന്ന നിലപാടിലായി ദേവസ്വം ബോർഡ് ഇതു കൂടാതെ 2017-18 വർഷത്തെ കണക്കുകൾ സമർപ്പിക്കുവാൻ ആറുമാസം കൂടി നൽകണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി രണ്ട് മാസത്തിനകം 2016-17ലെ കണക്കുകൾ കൈമാറാൻ ആവശ്യപ്പെട്ടു. ഇതു നൽകി രണ്ട് മാസത്തിനകം 2017-18ലെ കണക്കുകളും ആഡിറ്റ് വിഭാഗത്തിന് കൈമാറണം.

വാർഷിക കണക്കുകളുടെ സ്റ്റേറ്റ്‌മെന്റ് നൽകാൻ ആഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ കഴിഞ്ഞ മാർച്ച് 12 ന് ദേവസ്വം ബോർഡ് സെക്രട്ടറിക്ക് കത്തു നൽകിയെങ്കിലും മറുപടിയുണ്ടായില്ല. ഇതാണ് സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കാരണമായത്. കേസ് നടപടികളിലേക്ക് കടക്കവേ കണക്കുകൾ ശരിയായി സൂക്ഷിക്കുന്നെങ്കിൽ ആഡിറ്റിന് നൽകാൻ ഇത്രയും സമയമെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അതിനെക്കുറിച്ച് ദേവസ്വം ബോർഡ് വിശദീകരിച്ചിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.