സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ചുള്ള യാത്ര ആരാണ് ഇഷ്ടപ്പെടാത്തത്. കാഴ്ചകളും കണ്ട് ആർപ്പുവിളികളും ശകലം കുശലങ്ങളുമായി യാത്ര അടിപൊളിയാവും. എന്നാൽ, ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്. അതൊരു പ്രത്യേക അനുഭവം തന്നെയായിരിക്കും. എന്നാൽ, ഒരു നല്ല യാത്രികൻ തീർച്ചയായും പോകേണ്ട സ്ഥലത്തേക്കുറിച്ച് ചെറുതായി ഒരു ധാരണ വച്ചിട്ടുണ്ടായിരിക്കും. പോകുന്ന സ്ഥലം, എങ്ങനെ അവിടെ എത്താം. ഇത്തരം ഒറ്റയാൻ യാത്രക്ക് ഒരുങ്ങുമ്പോൾ നമ്മൾ മറന്നുപോയേക്കാവുന്ന ചില കാര്യങ്ങൾ ഉണ്ട്. അവിടുത്തെ സംസാര ഭാഷ, ഭക്ഷണ രീതി, താമസിക്കാനുള്ള സ്ഥലം, ആ പ്രദേശത്തിന്റെ പ്രത്യേകതകൾ എന്നിവ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതൊന്നും അറിയാതെയുള്ള യാത്ര നിങ്ങൾക്ക് ആനന്ദത്തിന് പകരം ദുരനുഭവങ്ങളും, ധനനഷ്ടവുമാണ് ഉണ്ടാക്കുക.
നമ്മൾ ഒരു തെരുവിലൂടെ നടക്കുകയാണെങ്കിൽ ഒരിക്കലും അപരിചിതത്വം കാണിക്കരുത്. അവിടയൊക്കെ പണ്ടെ തനിക്ക് അറിയാം എന്ന് ഭാവിച്ച് നെഞ്ച് വിരിച്ച് നടന്നോ. ഒരു കുഴപ്പവും വരില്ല. നേരെ മറിച്ച് പരിഭ്രമിച്ച് ഭയാശങ്കകളോടെയാണ് നിങ്ങൾ നടക്കുന്നതെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് തിരിയാം. വെളിച്ചമില്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നത് കഴിവതും ഒഴിവാക്കണം. ചുറ്റുപാടുകളെക്കുറിച്ച് സൂക്ഷ്മമായ ഒരു നിരീക്ഷണവും ഉണ്ടായിരിക്കണം. യാത്രയുടെ ദൃശ്യങ്ങൾ പകർത്താൻ അസ്സൽ കാമറയും കയ്യിൽ കരുതാം.
ബെെക്കിൽ സോളോ യാത്ര-ഇവ കയ്യിൽ കരുതിക്കോളു
ബുള്ളറ്റിലാണ് കറക്കമെങ്കിലോ? ഓവർസ്പീഡില്ലാതെ ആസ്വദിച്ച് യാത്ര ചെയ്യാൻ ശ്രമിക്കണം. മഴയും മഞ്ഞുമെല്ലാം കൊണ്ട് മനസറിഞ്ഞ് യാത്ര ചെയ്യാം. എന്നാൽ, ദൂരെ യാത്രക്ക് തയ്യാറെടുക്കുമ്പോൾ വാടകയ്ക്കും മറ്റും വാഹനം എടുക്കാതെ സ്വന്തം വാഹനം തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക. സ്വന്തം ബെെക്കാണെങ്കിൽ അതിന്റെ മിക്ക കാര്യങ്ങളും അറിയാൻ സാധിക്കും.
വാഹനം ജനറൽ സർവീസിന് വിധേയമാക്കുക. താൽക്കാലികം ആയി നിങ്ങൾ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആയി മാറാൻ ശ്രമിക്കുക. കാരണം നിങ്ങൾ പോകുന്ന യാത്രയിൽ വണ്ടി ഒന്ന് ബ്രേക്ക് ഡൗൺ ആയാൽ റിപ്പയർ ചെയ്യണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. ആദ്യം ചെറിയ യാത്രകൾ നടത്തുക. എന്നിട്ട് ഹിമാലയവും മറ്റും പ്ലാൻ ചെയ്യുക. മൊത്തം കവർ ചെയ്യുന്ന ഹെൽമെറ്റ് വാങ്ങുക. ബഡ്ജറ്റ് അനുസരിച്ചു മാർക്കറ്റിൽ 1000രൂപ മുതൽ നല്ല ഹെൽമെറ്റുകൾ ലഭ്യമാണ്. പാഡുകൾ അടക്കമുള്ള ജാക്കറ്റും, അല്ലാത്തവയും മാർക്കറ്റിൽ ലഭ്യമാണ്, യോജിച്ചതു തിരഞ്ഞെടുക്കുക. ബൈക്ക് അപകടം സംഭവിച്ചു കഴിഞ്ഞാൽ ആദ്യം മുറിവുകൾ സംഭവിക്കുക കാൽ മുട്ടിനും കൈ മുട്ടിനുമായിരിക്കും.അതിൽ നിന്നും രക്ഷ നേടാൻ പാഡുകൾ ഒരു പരിധിവരെ സഹായിക്കും.
ഒരിക്കലും ഒരു ദിവസം 600 കിലോ മീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. സൂര്യൻ ഉദിക്കുന്നതിന്നു മുമ്പേ എഴുന്നേൽക്കുക ഫ്രഷ് ആയതിനു ശേഷം യാത്ര തുടങ്ങുക. തുടർച്ചയായി രണ്ടു മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കാനും അര മണിക്കൂറിൽ കൂടുതൽ വിശ്രമിക്കാനും പാടില്ല രണ്ടും നിങ്ങളെ തളർത്തുക തന്നെ ചെയ്യും. സ്പീഡ് ക്രമീകരിക്കുക.59, 60, 70, 80 ഈ ഒരു റേഞ്ചിൽ യാത്ര ചെയ്യാൻ ശ്രമിക്കുക. അമിത വേഗത പൂർണമായും ഒഴിവാക്കുക. ഓരോ ദിവസവും എന്തു തന്നെ തിരക്ക് ഉണ്ടായാലും 6-8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം. യാത്രയിൽ നിങ്ങളുടെ വാഹനത്തിൽ യാത്രികനാണെന്ന് തോന്നുന്ന തരത്തിലുള്ള സ്റ്റിക്കർ സ്ഥാപിക്കുക. ഇതു സഹയാത്രികനെ കണ്ടു മുട്ടാനും, പരിഗണന കിട്ടാനും സഹായിക്കും. പ്രഭാത ഭക്ഷണം നന്നായി കഴിക്കുക.
മാപ്പും ലഗേജും
സ്മാർട്ഫോണിൽ പോകാൻ ഉപയോഗിക്കുന്ന സ്ഥലത്തിന്റെ മാപ്പുകൾ ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്തിടുക. കാരണം, ചില സ്ഥലങ്ങളിൽ നിങ്ങൾക്ക് ഓൺലൈൻ സൗകര്യം ലഭ്യമാവണമെന്നില്ല. മാത്രവുമല്ല, GPRS സംവിധാനം ഉപയോഗിച്ചാൽ പെട്ടന്ന് തന്നെ ഫോൺ ബാറ്ററി ഡൗൺ ആവുകയും ചെയ്യും. നിങ്ങൾ ട്രെയിൻ, ബസ്, മെട്രോ, എന്നിവ ഉപയോഗിച്ച് ആണ് യാത്ര ചെയ്യുന്നത് എങ്കിൽ അതുമായി ബന്ധപ്പെട്ട അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ മറക്കരുത്.
യാത്രയ്ക്ക് കണ്ടമാനം വസ്ത്രങ്ങൾ ബാഗിൽ കുത്തിനിറക്കേണ്ടതില്ല. ഒരു ദിവസം ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും ഒരുമിച്ചു ഒരു റോൾ ആയി പാക്ക് ചെയ്താൽ ബാഗിൽ നിന്നും ഓരോ ദിവസവും എടുക്കൽ എളുപ്പമാകും. വലിയ ബാഗ് എടുക്കുന്നതിന് പകരം ദൂര യാത്രയ്ക്ക് പാകമായ ഫ്ലക്സിബിൾ ആയ ബാഗ് മാർക്കറ്റിൽ നിന്നും വാങ്ങുക. മൊബൈൽ ചാർജർ, പവർ ബാങ്ക്, വാട്ടർ ബോട്ടിൽ, എനർജി ഡ്രിങ്ക്, അവശ്യ മരുന്നുകൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, സൺ ഗ്ലാസ്. പണം എത്രയാമോ അതനുസരിച്ച് പവർബാങ്ക് വാങ്ങാം.10000 MAHന്റെ പവർ ബാങ്കുകൾ ഇഷ്ടം പോലെ ഓൺലൈൻ മാർക്കറ്റിൽ സുലഭമാണ് .ഹോണർ, എം.ഐ പോലെയുള്ളവ വാങ്ങിയാൽ പൈസ വസൂൽ ആകും.
തിരിച്ചറിയാൽ രേഖകളും നോട്ട്ബുക്കും
ഒരു തിരിച്ചറിയൽ കാർഡ് നിർബന്ധമായും കയ്യിൽ കരുതുക. തിരിച്ചറിയൽ കാർഡിെൻറ ഒറിജിനലും ഏതാനും കോപ്പികളും കരുതണം. വിലാസം, ഫോട്ടോ, പെെട്ടന്ന് ബന്ധപ്പെടേണ്ട നമ്പർ എന്നിവ നിങ്ങളുടെ വാലറ്റിൽ പെെട്ടന്ന് കാണുന്ന ഭാഗത്തായി പ്രദർശിപ്പിക്കുക.പെെട്ടന്ന് ആവശ്യമുള്ള രേഖകൾ ഒരു ചെറിയ ബാഗിലാക്കി പ്രത്യേകം സൂക്ഷിക്കണം.
യാത്രയുടെ എല്ലാ കാര്യങ്ങളും എഴുതി വെക്കാൻ ഒരു നോട്ട് ബുക്കും, പേനയും കരുതേണ്ടത് അത്യാവശ്യമാണ്. സ്വന്തം വീട്ടിലെ ഫോൺ നമ്പർ പോലും ടെക്നോളജി വന്നപ്പോൾ മറന്നു പോയവർ ആണ് നമ്മൾ. അതിനാൽ, അത്യാവശ്യം വേണ്ട വിവരങ്ങൾ നോട്ട് ബുക്കിൽ കുറിച്ച്‌വയ്ണം.
രേഖകൾ ഓൺലൈനിൽ സൂക്ഷിക്കുക
യാത്രയുടെ എല്ലാ രേഖകളും ഗൂഗിൾ ഡ്രൈവ് പോലെയുള്ള ഓൺലൈൻ സ്റ്റോറേജുകളിലോ മെയിൽ ബോക്സിലോ സൂക്ഷിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ടിക്കറ്റ്, യാത്ര പാസ്സ്, ഐഡൻറിറ്റി കാർഡ് മുതലായവ. കാരണം, യാത്രയിൽ നിങ്ങൾക്ക് രേഖകൾ നഷ്ടപ്പെട്ടു കഴിഞ്ഞാലും അടുത്തുള്ള കഫെയിൽ പോയി കോപ്പി എടുക്കാൻ ഇത് മൂലം സാധിക്കും.
സംസ്കാരം, ഭാഷ എന്നിവയെ അറിയുക
നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഭാഷയെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക.അവരുടെ സംസ്കാരത്തെക്കുറിച്ച് കഴിയുന്നത്ര അറിയാനും അത് അനുസരിച്ച് പെരുമാറാനും ശ്രദ്ധിക്കുക. അങ്ങനെ ആയാൽ നിങ്ങൾക്ക് നല്ല കംഫർട്ട് ആയി തോന്നുകയും, ആ നാട്ടുകാർക്ക് നിങ്ങളെ പെട്ടന്ന് സ്വീകരിക്കാൻ പറ്റുകയും ചെയ്യും. ഓരോ സ്ഥലത്തും ഓരോ ആചാരവും പെരുമാറ്റവുമൊക്കെയാണ്. അതിനെ ബഹുമാനിക്കുക.
ഭക്ഷണം -വെള്ളം പിന്നെ മെഡിക്കൽ ഇൻഷുറൻസും
നന്നായി വെള്ളം കുടിക്കുക.വാരി വലിച്ചു ഭക്ഷണം കഴിക്കാതെ യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.അമിതമായി മസാലകൾ അടങ്ങിയ ഭക്ഷണങ്ങളും ചിക്കൻ,കോള പോലെയുള്ള സാധനങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിക്കാതിരിക്കുക. ദൂരയാത്രയ്ക്ക് മെഡിക്കൽ ഇൻഷുറൻസ് കയ്യിൽ കരുതുന്നത് നല്ലതാണ്. 3000 രൂപ കൊടുത്തു കഴിഞ്ഞാൽ 1. 5ലക്ഷം രൂപ വരെ കവറേജുള്ള ഇൻഷുറൻസ് സ്കീമുകൾ മാർക്കറ്റിൽ ലഭ്യമാണ്.
ലഡാക്ക് പോലുള്ള സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കിൽ പലിയിടത്തും റൂമുകൾ കിട്ടിയില്ലെന്നു വരും. ആയതിനാൽ ടെന്റും കൂടെ കരുതണം. www.decathlon.in പോലെയുള്ള സൈറ്റുകളിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും നല്ലയിനം ടെന്റുകൾ വാങ്ങാൻ പറ്റും. എല്ലാ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന സാധനം വാങ്ങിക്കാൻ ശ്രദ്ധിക്കുക. യാത്രക്കിടയിൽ ലഹരി ഉപയോഗം നന്നല്ല. യാത്രാ ബാഗ് ശരീരത്തിൽ ക്രോസ്സ് ആയി ഇടുക. രാത്രിയാണ് നിങ്ങൾ യാത്ര ചെയ്യുന്നത് എന്നു കരുതുക. പോകേണ്ട സ്ഥലത്തേക്ക് ഷെയർ ചെയ്തു പോകാനും, നിങ്ങൾക്ക് സ്വന്തം ആയി ടാക്സി ബുക്ക് ചെയ്തു പോകാനും ഓപ്ഷൻ ഉണ്ട്. ഇങ്ങനെ ഒരു സാഹചര്യം വന്നാൽ സ്വന്തം ടാക്സി ബുക്ക് ചെയ്തു പോകാൻ ശ്രദ്ധിക്കുക.